എറണാകുളം : തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്‌കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. പിന്നീട് ചാവറയിലും പൊതുദര്‍ശനം നടക്കും. ഇന്ന് ജോണ്‍ പോളിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും.
നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും. ഇന്ന് ഉച്ചയോടെ കൊച്ചിയെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് ജോണ്‍ പോള്‍ അന്തരിച്ചത്. ദീര്‍ഘകാലമായി ജോണ്‍ പോള്‍ ചികിത്സയിലായിരുന്നു. മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തുവെയ്ക്കാനാവുന്ന ചാരുതയും കരുത്തുമുള്ള സ്‌നേഹപാദുകങ്ങള്‍ നല്‍കിയ എഴുത്തുകാരനാണ് ജോണ്‍ പോള്‍. മനുഷ്യകഥാനുഗായികളും ജീവിതഗന്ധികളുമായ ഒട്ടേറെ ചലച്ചിത്രങ്ങള്‍.
അന്യാദൃശങ്ങളായ ചാരുതയേറുന്ന ഓര്‍മ്മക്കുറിപ്പുകളും ചരിത്രങ്ങളുമടങ്ങുന്ന 20 ലേറെ പുസ്തകങ്ങളിലായി എഴുതപ്പെട്ട ഗദ്യസഞ്ചയം. അഭിജാതമായ സംസ്‌കൃതിയെ പേറുന്ന കലാകാരന്‍. വിനായന്വിതനായ മനുഷ്യന്‍. 98 ഓളം ചലച്ചിത്രങ്ങള്‍ക്കായി തിരരൂപം രചിച്ച കഥാകാരന്‍. ടെലിവിഷന്‍ അവതാരകന്‍. മാധ്യമ പ്രവര്‍ത്തകന്‍. ചലച്ചിത്ര അധ്യാപകന്‍. ജാഗ്രത്തായ മനസ്സോടെ ജീവിക്കുന്ന സാംസ്‌കാരിക പ്രവര്‍ത്തകന്‍. ചലച്ചിത്ര നിര്‍മാതാവ്. ഇത്തരത്തില്‍ ബഹുതകളാല്‍ ബഹുലമായ ജീവിതം നയിക്കുന്ന എഴുത്തുകാരനെത്തേടി ഒട്ടേറെ പുരസ്‌ക്കാരങ്ങളും എത്തിയിട്ടുണ്ട്.