തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം പ്രതിരോധിക്കാൻ കഴിവുള്ള കാപ്പിക്കൃഷി–‘ക്ലൈമറ്റ് സ്മാർട് കോഫി’– പദ്ധതി കേരളത്തിൽ നടപ്പാക്കുന്നതിന്റെ സാധ്യത പഠിക്കുമെന്ന് മന്ത്രി പി.രാജീവ്. പദ്ധതി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കേരളം സന്ദർശിച്ച നെതർലൻഡ്സ് സംഘടന എൻഎൽ വർക്സിന്റെ പ്രതിനിധികളുമായി മന്ത്രി ചർച്ച നടത്തി. പരിസ്ഥിതിയുടെ ദീർഘകാല സുരക്ഷ ഉറപ്പു വരുത്തിയും കർഷകരുടെ വരുമാനം വർധിപ്പിച്ചും ആദ്യ ഘട്ടത്തിൽ കാപ്പിക്കൃഷി നടപ്പാക്കാനാണ് ആലോചന.
തുടർന്ന് മറ്റു വിളകൾ. ഇതു സംബന്ധിച്ച് ഇന്ത്യൻ–ഡച്ച് കമ്പനികൾ, സർവകലാശാലകൾ, സർക്കാർ ഏജൻസികൾ എന്നിവ യോജിച്ചു കഴിഞ്ഞ വർഷം പ്രവർത്തന രൂപരേഖ തയാറാക്കിയിരുന്നു. കേരളത്തിലും പുറത്തും ക്ലൈമറ്റ് സ്മാർട് കോഫി പദ്ധതി നടപ്പാക്കുന്നതിനുള്ള രൂപരേഖയാണിത്. ഈ പദ്ധതിയുടെ സാമ്പത്തിക, സാങ്കേതിക, വാണിജ്യപരമായ സാധ്യതകൾ വിലയിരുത്താനാണു നെതർലൻഡ്സ് സംഘം കേരളത്തിലെത്തിയത്. സർക്കാർ, വ്യവസായ, അക്കാദമിക, പരിസ്ഥിതി രംഗത്തുള്ളവരുടെ കൺസോർഷ്യം രൂപീകരിച്ചു വയനാട്ടിൽ മാതൃകാ കാപ്പിത്തോട്ടം സ്ഥാപിക്കാനും ആലോചനയുണ്ട്.
കയറ്റുമതി കൂടി ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയുമായി ഡച്ച് കോഫി, സുഗന്ധവ്യഞ്ജന കമ്പനികൾ സഹകരിക്കും. പദ്ധതിയുടെ തുടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ കിൻഫ്രയെ ചുമതലപ്പെടുത്തിയതായി മന്ത്രി പി.രാജീവ് അറിയിച്ചു. വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, എൻഎൽ വർക്സ് പ്രോഗ്രാം മാനേജർമാരായ ഫ്രാങ്ക് എയ്സൻ, ഗീറ്റ് ക്ലെയിൻ, ഡോ.റാൽഫ് ലിൻഡ്ബും, കെ ഡിസ്ക് മെംബർ സെക്രട്ടറി ഡോ.പി.വി.ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.