മുംബൈ: മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ സംസ്ഥാനത്ത് ബംഗാളിന് സമാനമായ സാഹചര്യം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാനത്തെ സ്വതന്ത്ര എം.പിയായ നവനീത് റാണ. ബാന്ദ്രയിലെ മുഖ്യമന്ത്രിയുടെ വസതിക്ക് മുന്നിലേക്കുള്ള മാർച്ച് പിൻവലിച്ചതിന് പിന്നാലെയാണ് എം.പിയുടെ പ്രതികരണം. ശിവസേന ഗുണ്ടകളുടെ പാർട്ടിയായി മാറി. ജനങ്ങൾക്കെതിരെ കുറ്റം ചുമത്താനും അവരെ ജയിലിൽ അടക്കാനും മാത്രമേ ഉദ്ധവ് താക്കറെക്ക് അറിയുള്ളുവെന്നും റാണ ആരോപിച്ചു. സമരം അവസാനിപ്പിച്ചെങ്കിലും തങ്ങളുടെ ലക്ഷ്യം പൂർത്തീകരിച്ചെന്ന് നവനീത് റാണ അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീക്ക് മുന്നിൽ തങ്ങൾക്ക് എത്താൻ സാധിച്ചില്ലെങ്കിലും അവിടെ ഭക്തർ ഹനുമാൻ ചാലിസ പാടിയെന്നും എം.പി കൂട്ടിച്ചേർത്തു.
ഹനുമാൻ ചാലിസ ചൊല്ലുന്നത് തടയാൻ പൊലീസിനെ ഉപയോഗിച്ച് മുഖ്യമന്ത്രി അധികാര ദുർവിനിയോഗം നടത്തുകയാണെന്നും നവനീത് റാണ നേരത്തെ അരോപിച്ചിരുന്നു. ഭരണകക്ഷിയായ ശിവസേന പ്രവർത്തകർ തങ്ങളുടെ വസതി ആക്രമിക്കാൻ ശ്രമിച്ചതായി എം.പിയുടെ ഭർത്താവും എം.എൽ.എയുമായ രവി റാണ പറഞ്ഞു.തങ്ങളെ വീടിന് പുറത്ത് ഇറക്കരുതെന്ന് മുഖ്യമന്ത്രി പൊലീസിന് നിർദേശം നൽകിയിട്ടുണ്ട്. ശിവസേന പ്രവർത്തകർ ചേർന്ന് തങ്ങളുടെ വീട് ആക്രമിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ വ്യക്തമായ അധികാര ദുരുപയോഗമാണ് നടക്കുന്നതെന്നും റാണ പറഞ്ഞു.പള്ളികളിൽ നിന്ന് ഉച്ചഭാഷിണികൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര നവനിർമാൺ സേന അധ്യക്ഷൻ രാജ് താക്കറെ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയുടെ വസതിയായ മാതോശ്രീക്ക് പുറത്ത് ഹനുമാൻ ചാലിസ ജപിക്കാൻ പദ്ധതിയിടുന്നതായി എം.പി അറിയിച്ചിരുന്നു.