തലശ്ശേരി: കൊലക്കേസ് പ്രതിക്ക് ഒളിവിൽ കഴിയാൻ വീട് വിട്ടുകൊടുത്ത കേസിൽ അറസ്റ്റിലായ അധ്യാപികക്ക് ജാമ്യം. പാലയാട് അണ്ടലൂർ ശ്രീനന്ദനത്തിൽ പ്രശാന്തിന്റെ ഭാര്യ പി.എം. രേഷ്മയാണ് (42) അറസ്റ്റിലായത്. രണ്ടാഴ്ച പിണറായി-ന്യൂമാഹി പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയിലാണ് തലശ്ശേരി കോടതി ജാമ്യം അനുവദിച്ചത്.
പുന്നോൽ അമൃത വിദ്യാലയം അധ്യാപികയാണ്. കേസന്വേഷണ സംഘമാണ് വെള്ളിയാഴ്ച വൈകീട്ട് ഇവരെ അറസ്റ്റ് ചെയ്തത്. സി.പി.എം പ്രവർത്തകനും മത്സ്യബന്ധന തൊഴിലാളിയുമായ കെ. ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഗൂഢാലോചനയിൽ മുഖ്യപ്രതിയായ നിജിൽദാസിനെ ഒളിവിൽ പാർപ്പിച്ച സംഭവത്തിലാണ് യുവതി അറസ്റ്റിലായത്. പ്രവാസിയായ പ്രശാന്തിന്റെ ഭാര്യയുടെ അറിവോടെയാണ് നിജിൽദാസിന് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിൽ താമസത്തിന് സൗകര്യമൊരുക്കിയതെന്നാണ് പൊലീസിൽനിന്നുള്ള വിവരം.മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിന് സമീപത്താണ് നിജിൽദാസ് ഒളിവിൽ കഴിഞ്ഞ വീട്. സിപിഎം ശക്തികേന്ദ്രമായ ഇവിടെ നാട്ടുകാർ പോലുമറിയാതെ അതീവ രഹസ്യമായാണ് പ്രതി താമസിച്ചിരുന്നത്.