ന്യൂഡൽഹി: കാരിബാഗിന് ഉപഭോക്താവിൽ നിന്നും 12 രൂപ വാങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ട് കോടതി. ബ്രാൻഡ് പേര് ഉൾപ്പെടുന്ന കാരിബാഗ് ഉപഭോക്താവിന് 12 രൂപക്ക് വിറ്റ സ്ഥാപനത്തിനെതിരെയാണ് നടപടി. ആന്ധ്രപ്രദേശ് ഉപഭോക്തൃ കോടതിയാണ് ഉത്തരവ് പുറപ്പെടുവിച്ചത്.സീപാന റാമ റാവു എന്ന അഭിഭാഷകൻ വിശാഖപട്ടണത്തെ കടയിൽ നിന്നും 600 രൂപക്ക് തുണിത്തരങ്ങൾ വാങ്ങി. എന്നാൽ, കാരിബാഗ് സൗജന്യമായി നൽകാൻ കടയുടമ തയാറായില്ല. ഇത് നിയമവിരുദ്ധമാണെന്ന് ഷോറും മാനേജറെ ഉൾപ്പടെ അറിയിച്ചെങ്കിലും സൗജന്യമായി കാരിബാഗ് നൽകാൻ അവർ തയാറായില്ല. തുടർന്നായിരുന്നു അഭിഭാഷകൻ കോടതിയിൽ കേസ് നൽകിയത്.
വിശാഖപട്ടണം ജില്ലാ കൺസ്യൂമർ കമ്മീഷൻ കടയുടമയോട് അഭിഭാഷകന് 21,000 രൂപ നൽകാൻ ആവശ്യപ്പെടുകയായിരുന്നു. 1500 രൂപ നിയമവ്യവഹാരത്തിന്റെ ചെലവുകൾക്കായും നൽകാൻ നിർദേശിച്ചു. കമ്പനി ലോഗോയുള്ള കാരിബാഗിന് പണം ചുമത്തരുതെന്ന് 2021ൽ ഹൈദരാബാദ് കോടതി ഉത്തരവിട്ടിരുന്നു.