വയനാട്: നൂൽപ്പുഴ ഗ്രാമപഞ്ചായത്തിൽ ലൈഫ് പദ്ധതിക്ക് കീഴിൽ ആദിവാസികൾക്കായി നിർമ്മിക്കുന്ന വീടുകൾ പാതിവഴിയിൽ. ആവശ്യമായ ഫണ്ട് ലഭ്യമാക്കത്തതാണ് പ്രതിസന്ധിക്ക് കാരണം. വീടുകളുടെ നിർമാണം വൈകിയതോടെ നൂറിലേറെ കുടുംബങ്ങളാണ് ചോർന്നൊലിക്കുന്ന കൂരകളിൽ കഴിയുന്നത്.
അഞ്ച് മാസങ്ങൾക്ക് മുൻപ് പ്രവൃത്തി തീർത്ത് ഗുണഭോക്താക്കൾക്ക് കൈമാറേണ്ട വീടുകളാണ് തറയിലും പാതിചുമരിലുമൊക്കെയായി ഇങ്ങനെ കിടക്കുന്നത്. വയനാട്ടിലെ മുത്തങ്ങയുൾപ്പടെയുള്ള ആദിവാസി ഊരുകളിൽ 2020- 21 സാമ്പത്തിക വർഷത്തെ ലൈഫ് ഗുണഭോക്താക്കളിൽ ഭൂരിഭാഗം പേർക്കും ഇതുവരെ വീടിന്റെ നിർമാണം പൂർത്തിയാക്കാനായിട്ടില്ല. സ്വന്തമായി ഉണ്ടായിരുന്ന കൂര പൊളിച്ച് വീട് പണി തുടങ്ങിയ പലരും വാടകവീട്ടിലും ബന്ധുവീടുകളിലുമായി അഭയം തേടി.ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് ഫണ്ട് ലഭ്യമായാൽ നിർമാണം ഉടൻ തുടങ്ങാനാകുമെന്ന് നൂൽപ്പുഴ പഞ്ചായത്ത് പ്രസിഡന്‍റ് അറിയിച്ചു. പഞ്ചായത്തിൽ നിന്ന് രേഖകൾ അയക്കുന്നതിൽ കാലതാമസമെടുത്തതാണ് ഫണ്ട് വൈകാൻ കാരണമെന്നാണ് സിപിഎം ആരോപണം.