കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രി വികസന സമിതിക്ക് ഫണ്ടുണ്ടാക്കാൻ രോഗപരിശോധന നിരക്കുകൾ വർധിപ്പിച്ചു. എച്ച്.ഡി.എസിന് കീഴിലെ പരിശോധനകൾക്കാണ് നിരക്ക് വർധിപ്പിച്ചത്. പരിശോധനകൾക്ക് 300 മുതൽ 1000 രൂപ വരെയാണ് ഒറ്റയടിക്ക് വർധിപ്പിച്ചിരിക്കുന്നത്. സ്കാനിങ്, എക്സ്റേ ഉൾപ്പെടെയുള്ളവക്ക് വൻ വർധനവാണ് വരുത്തിയത്. കൂടാതെ, ഇ.എൻ.ടി പരിശോധനകൾക്ക് 30 രൂപ വീതവും ഉദരരോഗ വിഭാഗം പരിശോധനകൾക്ക് 100 രൂപ വീതവും വർധിപ്പിച്ചു.
ഇതിൽ ആശുപത്രി അത്യാഹിതവിഭാഗത്തിൽ എത്തുന്ന ഭൂരിഭാഗം കേസുകൾക്കും ആവശ്യമായിവരുന്നതാണ് എക്സ്റേയും സി.ടി സ്കാനിങ്ങും. എച്ച്.ഡി.എസ് ജീവനക്കാർക്ക് ശമ്പളം നൽകാനില്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ആശുപത്രി വികസന സമിതി പരിശോധനാനിരക്ക് വർധിപ്പിച്ചത്.
അതേസമയം, രോഗികൾക്ക് ഭാരമാകാതെ എച്ച്.ഡി.എസിന് ഫണ്ട് ലഭിക്കുമായിരുന്ന ആശുപത്രി പ്രവേശന ടിക്കറ്റ് നിലച്ചിരിക്കുകയാണ്. കോവിഡ് കാലത്ത് സന്ദർശകരെ ഒഴിവാക്കിയപ്പോൾ നിർത്തിവെച്ച ടിക്കറ്റ് ഇതുവരെയും പുനരാരംഭിച്ചിട്ടില്ല. എന്നാൽ, സന്ദർശകർ യഥേഷ്ടം ആശുപത്രിക്കുള്ളിൽ കയറുന്നുമുണ്ട്. നേരത്തെ ഉച്ചക്ക് മൂന്നു മുതൽ സന്ദർശകർ 10 രൂപ ടിക്കറ്റ് എടുത്ത് വേണമായിരുന്നു ആശുപത്രിക്കുള്ളിൽ കയറാൻ. നാലു മുതൽ ഏഴുവരെ സൗജന്യമായും സന്ദർശനം അനുവദിച്ചിരുന്നു. കോവിഡ് വന്നപ്പോൾ സന്ദർശകരെ ഒഴിവാക്കി. ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കുള്ള പാസ് ഉപയോഗിച്ചും സ്വാധീനം ഉപയോഗിച്ചുമെല്ലാമാണ് ഇപ്പോൾ സന്ദർശകർ അകത്തുകടക്കുന്നത്. ആശുപത്രി വികസനസമിതി നിരക്കുകൾ വർധിപ്പിച്ചപ്പോഴും കേരള ഹെൽത്ത് റിസർച് ആൻഡ് വെൽഫെയർ സൊസൈറ്റി (കെ.എച്ച്.ആർ.ഡബ്ല്യൂ.എസ്) സ്കാനിങ് ഉൾപ്പെടെയുള്ളവക്കൊന്നും നിരക്ക് വർധിപ്പിച്ചിട്ടില്ല.