കൊച്ചി : പെരിയ ഇരട്ടക്കൊല നടക്കുന്നതിനു 15 മിനിറ്റ് മുൻപു പോലും പ്രതികളുടെ ആസൂത്രണം പൊളിക്കുന്ന സംഭവമുണ്ടായതായി സിബിഐയുടെ കുറ്റപത്രം. കല്ല്യോട്ട് ഭഗവതി ക്ഷേത്രത്തിലെ ഉത്സവത്തിന്റെ കഴകച്ചുമതലക്കാരനും പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി കൺവീനറുമായിരുന്ന ശരത്‌ലാൽ സ്വാഗതസംഘം മീറ്റിങ്ങിന്റെ ഒരുക്കങ്ങൾ പൂർത്തിയാക്കി നിൽക്കുമ്പോൾ അടുത്ത സുഹൃത്തുക്കളായ നാരായണനും സാവിത്രിയും ഒരു വിവാഹ സൽക്കാരത്തിൽ പങ്കെടുത്ത് അതുവഴി വന്നു.
പതിവുപോലെ അന്നത്തെ ജോലികൾ തീർത്ത് കൃപേഷിന്റെ ബൈക്കിൽ വീട്ടിലേക്കു മടങ്ങാൻ ഒരുങ്ങുമ്പോഴാണു നാരായണനും സാവിത്രിയും വണ്ടി നിർത്തി ശരത്‌ലാലിനെ വീട്ടിൽ വിടാമെന്നു വാഗ്ദാനം ചെയ്തത്. കൃപേഷ് വരുമെന്നു പറഞ്ഞു ശരത്‌ലാൽ ഒഴിഞ്ഞുമാറിയപ്പോഴും രാത്രി ഇരുട്ടിയതിനാൽ അവരോടൊപ്പം വരാൻ ഇരുവരും ശരത്‌ലാലിനെ നിർബന്ധിച്ചു. മറ്റൊരു സുഹൃത്തിനെ വീട്ടിൽ വിട്ടശേഷം അപ്പോഴേക്കും കൃപേഷ് എത്തിയതോടെ നാരായണനും സാവിത്രിയും മടങ്ങി. ഏതാണ്ടു 15 മിനിറ്റ് കഴിഞ്ഞപ്പോഴാണു ഒന്നാം പ്രതി പീതാംബരനും കൂട്ടാളികളും ശരത്‌ലാലിനെയും കൃപേഷിനെയും ആക്രമിച്ചത്.
പീതാംബരന്റെയും പ്രാദേശിക സിപിഎം പ്രവർത്തകരുടെയും ഭീഷണി ശരത്‌ലാലിനുണ്ടെന്ന് അറിഞ്ഞിരുന്നതിനാലാണു സംഭവദിവസം രാത്രി ശരത്‌ലാലിനെ വീട്ടിൽവിടാമെന്നു കരുതിയതെന്ന് നാരായണനും സാവിത്രിയും മൊഴി നൽകി. അന്ന് ക്ഷേത്ര പരിസരത്തു നിന്നു ശരത്‌ലാലിന്റെ വീട്ടിലേക്കുള്ള റോഡരികിൽ രണ്ടിടങ്ങളിലായി കേസിലെ പത്താം പ്രതി രഞ്ജിത്തും പതിനഞ്ചാം പ്രതി സുരേന്ദ്രനും (വിഷ്ണു സുര) നിൽക്കുന്നതു കണ്ടതായും ശരത്‌ലാലിനെ പിന്നിലിരുത്തി കൃപേഷ് ബൈക്ക് സ്റ്റാർട്ടാക്കിയതു കണ്ടയുടൻ രഞ്ജിത്തും കല്ല്യോട്ട് സ്കൂൾ ഗേറ്റിനു മുന്നിലെത്തിയപ്പോൾ സുരേന്ദ്രനും ധൃതിയിൽ ആരെയോ ഫോൺ ചെയ്യുന്നതു കണ്ടതായും സാക്ഷിമൊഴികളുണ്ട്. ഇവർ രണ്ടു പേരും വിവരം കൈമാറിയതു കേസിലെ ഒന്നാം പ്രതി പീതാംബരനാണെന്നും സിബിഐ തെളിവു സഹിതം കണ്ടെത്തിയതായി കുറ്റപത്രം പറയുന്നു.