കണ്ണൂര്‍: സിപിഎം പ്രവർത്തകൻ പുന്നോൽ ഹരിദാസ് വധക്കേസ് പ്രതി ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ ഒളിപ്പിച്ച രേഷ്മയെ ജാമ്യത്തിലിറക്കിയത് ബിജെപിക്കാരെന്ന് എം വി ജയരാജന്‍. രേഷ്മയെ സ്വീകരിച്ചത് ബിജെപി മണ്ഡലം സെക്രട്ടറിയെന്നും നിയമസഹായം നല്‍കുന്നത് ബിജെപി അഭിഭാഷകനെന്നും എം വി ജയരാജന്‍ പറഞ്ഞു. രേഷ്മയുടേത് സിപിഎം കുടുംബമെന്ന വാദം വാസ്തവിരുദ്ധമാണെന്നും ജയരാജന്‍ പറഞ്ഞു.
ഹരിദാസനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യപങ്കുവഹിച്ച ആർഎസ്എസ് പ്രവർത്തകൻ നിജിൽ ദാസിനെ രേഷ്മ ഒളിപ്പിച്ചത് കൊലക്കേസ് പ്രതിയെന്ന് അറിഞ്ഞുകൊണ്ട് തന്നെയെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നിജിൽ ദാസ് പലവീടുകളിലായി ഒളിവിൽ കഴിയുകയായിരുന്നു. വിഷുവിന് ശേഷമാണ് പിണറായി പാണ്ട്യാലമുക്കിലെ വീട്ടിലേക്ക് പ്രതി എത്തിയത്. ഇതിന് സഹായിച്ചത് പുന്നോലിലെ അമൃത വിദ്യാലയത്തിലെ ടീച്ചറായ രേഷ്മയാണ്.
രേഷ്മയുടെ ഭർത്താവ് പ്രവാസിയാണ്. പുതുതായി പണിത വീട് വാടകയ്ക്ക് നൽകി വരാറുണ്ട്. എന്നാൽ കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ രേഷ്മ നിജിൽ ദാസിന് താമസ സൗകര്യം ഒരുക്കുകയും ഭക്ഷണം എത്തിച്ചുനൽകുകയും ചെയ്തു. മുഖ്യമന്ത്രിയുടെ വീടിനടുത്ത് സിപിഎം ശക്തി കേന്ദ്രത്തിലാണ് ആർഎസ്എസുകാരൻ ഒളിവിലായത് എന്ന വാർത്ത പരന്നതിന് പിന്നാലെ വീടിന് നേരെ ബോംബേറുണ്ടായി.