കൊളംബോ ∙ ഇന്ധന ഇറക്കുമതിക്കായി ഇന്ത്യ 50 കോടി ഡോളറിന്റെ (3600 കോടി രൂപ) വായ്പ കൂടി ശ്രീലങ്കയ്ക്ക് അനുവദിച്ചു. മറ്റൊരു 100 കോടി ഡോളറിന്റെ വായ്പ കൂടി അനുവദിക്കുമെന്നാണു പ്രതീക്ഷയെന്നു ധനമന്ത്രി അലി സബ്രി പറഞ്ഞു. കടാശ്വാസം തേടി രാജ്യാന്തര നാണയനിധിയുമായുള്ള ചർച്ചയ്ക്ക് ലങ്ക ധനമന്ത്രി ഇപ്പോൾ വാഷിങ്ടനിലാണ്. സാമ്പത്തികപ്രതിസന്ധിയിലായ രാജ്യങ്ങൾക്കു കടാശ്വാസം നൽകണമെന്ന് ഇന്ത്യയുടെ ധനമന്ത്രി നിർമല സീതാരാമൻ ഐഎംഎഫ് യോഗത്തിൽ ആവശ്യപ്പെട്ടു.
അതിനിടെ, സർവകക്ഷി ഇടക്കാല സർക്കാർ രൂപീകരണമെന്ന പ്രക്ഷോഭകരുടെ ആവശ്യം ശ്രീലങ്ക പ്രധാനമന്ത്രി മഹിന്ദ രാജപക്സെ തള്ളി. ഭിന്നാശയക്കാരായവർ മുഖാമുഖം കാണാൻ പോലും കഴിയാതെ നിൽക്കുമ്പോൾ സർവകക്ഷി ഇടക്കാല സർക്കാർ പ്രയോജനം ചെയ്യില്ലെന്നു ചൂണ്ടിക്കാട്ടിയ മഹിന്ദ, ഇടക്കാല സർക്കാരുണ്ടാക്കിയാലും തന്റെ കീഴിലായിരിക്കുമെന്നും പറഞ്ഞു.