തിരുവനന്തപുരം : കോൺഗ്രസ് പ്രസ്ഥാനത്തിന് തീരാനഷ്ടത്തിന്റെ ദിനമാണ് ഇന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുതിർന്ന കോൺഗ്രസ് നേതാവ് പി.ടി. തോമസ് എംഎൽഎയെ അനുസ്മരിച്ച് ഫെയ്സ്ബുക്കിലിട്ട കുറിപ്പിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ജ്യേഷ്ഠ സഹോദരനെയാണ് നഷ്ടമായത്. നിലപാടുകളിൽ വിട്ടുവീഴ്ച ചെയ്യാത്ത കോൺഗ്രസ് പോരാളി. എക്കാലത്തും ശരിയുടെ പക്ഷമായിരുന്നു പിടിയുടേത്.
പരിസ്ഥിതി, സ്ത്രീ സുരക്ഷാ വിഷയങ്ങളിലെ സത്യസന്ധമായ നിലപാടുകൾ താൻ ഉൾപ്പെടെയുള്ള പൊതുപ്രവർത്തകർക്ക് മാതൃകയായിരുന്നു. പശ്ചിമഘട്ട മേഖലയുടെ സംരക്ഷണം മുൻനിർത്തി ഗാഡ്ഗിൽ റിപ്പോർട്ട് നടപ്പാക്കണമെന്ന നിലപാടിനെതിരെ ശക്തമായ പ്രതിഷേധമുയർന്നപ്പോഴും താൻ ശരിയുടെ പക്ഷത്താണെന്ന ഉറച്ച നിലപാടിലായിരുന്നു പി.ടി. അദ്ദേഹത്തിന്റെ നിലപാട് മാത്രമായിരുന്നു ശരിയെന്ന് കാലം തെളിയിച്ചതുമാണ്. ശരിക്കുമൊരു പോരാളി. വിയോഗ വാർത്ത വിശ്വസിക്കാനാകുന്നില്ല… പ്രണാമം… അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.