തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ആഭ്യന്തര വകുപ്പിനുമെതിരെ രൂക്ഷ വിമർശനവുമായി കെ പി സി സി മുൻ അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ രംഗത്ത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിനിടെ ക്രൈം ബ്രാഞ്ച് തലപ്പത്ത് നിന്ന് എസ് ശ്രീജിത്തിനെ മാറ്റിയതും, ഹരിദാസ് കൊലക്കേസിലെ പ്രതി ദിവസങ്ങളായി മുഖ്യമന്ത്രിയുടെ വീടിന് അടുത്ത് ഒളിച്ച് താമസിച്ചതും ചൂണ്ടികാട്ടിയാണ് മുല്ലപ്പള്ളിയുടെ വിമർശനം. അപകർഷതാ ബോധത്തിന്റെ തടവുകാരനായ മുഖ്യമന്ത്രിയ്ക്ക് പൊലീസിനെ നിയന്ത്രിക്കാനും പൊലീസ് ഭരണം കാര്യക്ഷമമായി കൊണ്ടുപോകാൻ കഴിയുന്നില്ലെന്നും അഭിപ്രായപ്പെട്ട മുല്ലപ്പള്ളി ഷെയിം ഓൺ യൂ, ചീഫ് മിനിസ്റ്റർ എന്നും കുറിച്ചു. കണ്ണുരുട്ടിയാൽ, അൽപ ബുദ്ധികളായ പാവം, പാർട്ടി സഖാക്കൾ പേടിക്കും. പക്ഷെ കേരളീയ പൊതു സമൂഹം താങ്കളുടെ അഹന്തയും ധാർഷ്ട്യവും അംഗീകരിക്കില്ലെന്ന് തിരിച്ചറിയണമെന്നും മുല്ലപ്പള്ളി പറഞ്ഞു.