മുംബൈ: പണം മോഷ്ടിക്കാൻ എന്തു മാർഗവും സ്വീകരിക്കുമെന്ന് വ്യക്തമാക്കുന്ന സംഭവമാണ് മഹാരാഷ്ട്രയിലെ സംഗ്‍ലിയിലുണ്ടായത്. പലതരം മോഷണ രീതികളുണ്ടെങ്കിലും ഇതുവരെ ഉണ്ടാകാത്ത രീതിയിലാണ് സംഗ്‌ലിയിൽ പണം മോഷ്ടിച്ചത്.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് എടിഎം മെഷീൻ മുഴുവനായും തകർത്ത് പൊക്കിയെടുത്തുകൊണ്ടുപോകുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം. എടിഎം കൗണ്ടർ കുഴിച്ചുമാന്തിക്കൊണ്ടുപോകുന്നത് സിസിടിവിയിൽ പതിഞ്ഞു.
സംഭവത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി കമന്റുകളാണ് നിറയുന്നത്. ക്രിപ്റ്റോ മൈനിങ്ങിന്റെ കാലത്ത് പുതിയ എടിഎം മൈനിങ് ആരംഭിച്ചിരിക്കുന്നു, വില വർധനയും തൊഴിലില്ലായ്മയും വർധിക്കുന്നതിനാൽ ഭാവിയിൽ ഇത്തരം സംഭവങ്ങൾ വർധിക്കും, മണി ഹീസ്റ്റ് 2023 തുടങ്ങിയ കമന്റുകളാണ് പ്രചരിക്കുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണ്.