മക്ക∙ റമസാൻ അവസാനിക്കാൻ ഒരാഴ്ച ശേഷിക്കെ ഉംറ തീർഥാടന നിരക്ക് ഇരട്ടിയായി. അവസാന പത്തിൽ ഉംറ നിർവഹിക്കാൻ എത്തുന്നവരുടെ തിരക്കു കൂടിയതോടെ നിരക്കും കൂട്ടുകയായിരുന്നു ഏജൻസികൾ. ആഭ്യന്തര തീർഥാടകർക്ക് നിലവിൽ 110 റിയാൽ (2242 രൂപ) ഉണ്ടായിരുന്നത് ഇപ്പോൾ 200 റിയാൽ (4078 രൂപ) ആയി വർധിച്ചു.
വരും ദിവസങ്ങളിൽ ഇത് മൂന്നിരട്ടിയായി വർധിക്കുമെന്നാണ് സൂചന. അവസാന പത്തിൽ ഹറം പള്ളികളിൽ ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവരുടെ എണ്ണവും കൂടും. ഇതും നിരക്കു കൂടാൻ കാരണമായി. ഹറമിന് സമീപത്തെ ഹോട്ടലുകളിലെ മുറി വാടകയും ഈ സമയങ്ങളിൽ ഇരട്ടിയാകാറുണ്ടെന്ന് ടൂർ ഏജന്റുമാർ പറഞ്ഞു. വിദേശ ഉംറ തീർഥാടകർക്കുള്ള നിരക്കും മൂന്നിരട്ടിയായി വർധിച്ചിരുന്നു.