തൃശൂർ: ഉന്നത വിദ്യാഭ്യാസ മേഖലയ്‌ക്കാണ് എൽഡിഎഫ് സർക്കാർ മുഖ്യ പരിഗണന നൽകുന്നതെന്ന് സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. വരും തലമുറക്ക് പഠനത്തിനൊപ്പം തൊഴിൽ നൈപുണ്യം പകർന്ന് പുതിയ യുവതലമുറയെ സൃഷ്‌ടിക്കുകയാണ് ലക്ഷ്യം. ടീച്ചേഴ്‌സ് ഓർഗനൈസേഷൻ ഓഫ് വെറ്ററിനറി യൂണിവേഴ്‌സിറ്റി കേരളയുടെ (ടിഒവിയുകെ) സംസ്ഥാന സമ്മേളനം മണ്ണുത്തിയിൽ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉന്നത വിദ്യാഭ്യാ മേഖലയിൽ അക്കാദമിക് മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തിനും സർക്കാർ മുതൽമുടക്കുന്നു. സമഗ്രമായ കേരള വികസന സങ്കൽപ്പമാണ് എൽഡിഎഫ് ഉയർത്തുന്നത്. ഭാവി കേരളത്തിനും മികവാർന്ന ജീവിതാവസ്ഥ സൃഷ്ടിക്കുന്നതിനും വഴിയൊരുക്കും. സംഘപരിവാർ ശക്തികൾ ഗോമൂത്രം ഔഷധമാണെന്ന് പ്രചരിപ്പിച്ച് ശാസ്‌ത്ര നേട്ടങ്ങളാകെ നിഷേധിക്കുന്നു. വർഗീയതയും വംശീയതയും പ്രയോജനപ്പെടുത്തി വോട്ടാക്കി മാറ്റുന്നു. ഈ സാഹചര്യത്തിൽ ശാസ്‌ത്രബോധവും യുക്തിബോധവും വളർത്തിയെടുക്കാൻ അധ്യാപക സമൂഹത്തിനാവണമെന്നും അദ്ദേഹം പറഞ്ഞു.
ഉദ്ഘാടന സമ്മേളനത്തില്‍ ടിഒവിയുകെ പ്രസിഡൻറ് ഡോ സജിത് പുരുഷോത്തമൻ അധ്യക്ഷനായി. ജനറൽ സെക്രട്ടറി ഡോ ആർ എസ് അഭിലാഷ്, സിപിഐ എം മണ്ണുത്തി ഏരിയാ സെക്രട്ടറി എം എസ് പ്രദീപ് കുമാർ, ഫെഡറേഷൻ ഓഫ് യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷൻ സെക്രട്ടറി ഡോ എ പ്രേമ, ടിഒകെഎയു ജനറൽ സെക്രട്ടറി ഡോ പി കെ സുരേഷ്‌കുമാർ, കെവിയുഇഎ ജനറൽ സെക്രട്ടറി കെ സുനിൽ, ഫാം വർക്കേഴ്‌സ് യൂണിയൻ സിഐടിയു ജനറൽ സെക്രട്ടറി പി സതികുമാർ, എസ്‌എഫ്‌ഐ വെറ്ററിനറി കൊളേജ് യൂണിറ്റ് സെക്രട്ടറി പി കെ അഭിരാം, ടിഒവിയുകെ ട്രഷറർ ഡോ എസ് ഹരികുമാർ എന്നിവർ സംസാരിച്ചു.സർവകലാശാല ഉന്നത സ്ഥാനങ്ങൾ വഹിക്കുന്ന ഡോ എൻ അശോക്, ഡോ പി സുധീർബാബു, ഡോ. സി ലത, ഡോ എസ് എൻ രാജ്‌കുമാർ, ഡോ ടി എസ് രാജീവ് എന്നിവരെ ആദരിച്ചു.