മഞ്ജു വാര്യർ-സുരേഷ് ഗോപി-ജയറാം കൂട്ടുകെട്ടിൽ സിബി മലയിൽ ഒരുക്കിയ എക്കാലത്തയും ഹിറ്റ് ചിത്രമാണ് സമ്മര്‍ ഇന്‍ ബത്‍ലഹേം. ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തെക്കുറിച്ച് പ്രഖ്യാപിച്ചിരിക്കുകയാണ് നിര്‍മാതാവ് സിയാദ് കോക്കര്‍.മഞ്ജു വാര്യരും ജയസൂര്യയും പ്രധാനവേഷത്തിലെത്തുന്ന മേരി ആവാസ് സുനോ എന്ന ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് ‘സമ്മര്‍ ഇന്‍ ബത്‌ലേഹി’മിന്‍റെ നിര്‍മാതാവ് സിയാദ് കോക്കർ രണ്ടാം ഭാഗം പ്രഖ്യാപിച്ചത്.
സമ്മര്‍ ഇന്‍ ബത്‌ലഹേം രണ്ടാം ഭാഗത്തില്‍ മഞ്ജുവും ഉണ്ടായിരിക്കുമെന്നും സിയാദ് കോക്കർ പറഞ്ഞു. മഞ്ജുവും താനും ഒരു കുടുംബം പോലെയാണെന്നും താരത്തിന്റെ കൂടെ ഒരു ചിത്രം മാത്രമാണ് ചെയ്യാന്‍ സാധിച്ചിട്ടുള്ളതെന്നും സിയാദ് കോക്കര്‍ പറഞ്ഞു.
സസ്പെന്‍സ് ബാക്കിവെച്ചാണ് സിനിമ അവസാനിപ്പിച്ചിരുന്നത്. ജയറാം അവതരിപ്പിച്ച കഥാപാത്രത്തിന് ആരാണ് ആ പൂച്ചക്കുട്ടിയെ അയച്ചതെന്ന് പറയാതെയായിരുന്നു സിനിമ അവസാനിച്ചത്. സിനിമ റിലീസ് ചെയ്തിട്ട് ഇത്ര വര്‍ഷം കഴിഞ്ഞിട്ടും ആ ചോദ്യം ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകരോട് പല ആരാധകരും ചോദിക്കാറുണ്ട്. ആ ചോദ്യത്തിന് രണ്ടാം ഭാഗത്തിൽ ഉത്തരം കിട്ടുമെന്നാണ് പ്രതീക്ഷ.
1998ലാണ് സമ്മര്‍ ഇന്‍ ബത്‍ലെഹം തിയറ്ററുകളില്‍ എത്തിയത്. സിബി മലയിലായിരുന്നു സംവിധാനം. കോക്കേഴ്സ് ഫിലിംസിന്‍റെ ബാനറിൽ സിയാദ് കോക്കർ നിർമ്മിച്ച ചിത്രം വിതരണം ചെയ്തത് കോക്കേഴ്സ്, എവർഷൈൻ, അനുപമ റിലീസ് എന്നിവർ ചേർന്നാണ്. ചിത്രത്തിന്‍റെ കഥ വേണു നാഗവള്ളിയുടേതാണ്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രഞ്ജിത്തും. മോഹന്‍ലാലിന്‍റെ അതിഥി വേഷവും ചിത്രത്തിന്‍റെ പ്രത്യേകതയായിരുന്നു. ലേസാ ലേസാ എന്ന പേരില്‍ പ്രിയദര്‍ശന്‍ ചിത്രം പിന്നീട് ഹിന്ദിയിലേക്കും റീമേക്ക് ചെയ്തിരുന്നു.