ഗുവാഹത്തി: ഗുജറാത്തിലെ സ്വതന്ത്ര എംഎൽഎയും ദലിത് നേതാവുമായ ജിഗ്നേഷ് മേവാനിയെ വീണ്ടും അറസ്റ്റ് ചെയ്തു. അസമിലെ കോടതിയിൽനിന്നു ജാമ്യം കിട്ടിയതിനു പിന്നാലെയാണു മേവാനി രണ്ടാമതും അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രിയാണു മേവാനിയെ ഗുജറാത്തിൽനിന്ന് അസം പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. ഇപ്പോഴത്തെ അറസ്റ്റ് ഏതു കേസിലാണെന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ലെന്നാണു റിപ്പോർട്ട്.
അറസ്റ്റിനെച്ചൊല്ലി രാഷ്ട്രീയവിവാദം മുറുകവെയാണു വീണ്ടും അറസ്റ്റെന്നതു ശ്രദ്ധേയമാണ്. ഗാന്ധിജിയുടെ ഘാതകൻ നാഥുറാം ഗോഡ്സെയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബന്ധപ്പെടുത്തി ട്വീറ്റ് ചെയ്തതിന്, അസമിൽ നിന്നെത്തിയ പൊലീസ് ഗുജറാത്തിലെ പാലംപുരിൽനിന്ന് മേവാനിയെ രാത്രി 11.30ന് അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രിയുടെ ഓഫിസിന്റെ കുടിപ്പകയാണു തന്റെ അറസ്റ്റെന്നു മോദിയുടെ വിമർശകനായ മേവാനി ആരോപിച്ചു. ‘ഇതു ബിജെപിയും ആർഎസ്എസും നടത്തിയ ഗൂഢാലോചനയാണ്. എന്റെ പ്രതിഛായ നശിപ്പിക്കുകയാണ് ഉദ്ദേശ്യം. വ്യവസ്ഥാനുസൃതമായാണ് അവരതു ചെയ്യുന്നത്. രോഹിത് വെമുലയ്ക്കും ചന്ദ്രശേഖർ ആസാദിനും എതിരെ ചെയ്തതും ഇങ്ങനെത്തന്നെയാണ്. ഇപ്പോഴവർ എന്നെയാണു ലക്ഷ്യമിട്ടിരിക്കുന്നത്’– ജിഗ്നേഷ് മേവാനി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
കഴിഞ്ഞ 18നു കുറിച്ച ട്വീറ്റുകൾക്കെതിരെ അസമിലെ ബിജെപി നേതാവ് അരൂപ് കുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ഗൂഢാലോചന, സമൂഹത്തിൽ സ്പർധ വളർത്തൽ, സമാധാനാന്തരീക്ഷം തകർക്കാൻ ലക്ഷ്യമിട്ടുള്ള പ്രവൃത്തി തുടങ്ങിയ വകുപ്പുകളാണു ചുമത്തിയിരിക്കുന്നത്. ട്വീറ്റുകൾ ട്വിറ്റർ നീക്കം ചെയ്തിരുന്നു. ദലിത് നേതാവായ ജിഗ്‌നേഷ് 2017ൽ കോൺഗ്രസ് പിന്തുണയോടെയാണു ജയിച്ചത്.