തിരുവനന്തപുരം: കെഎസ്ആർടിസിയുടെ നിലനിൽപ്പും ജീവനക്കാർക്ക് കൃത്യമായി ശമ്പളവും ഉറപ്പാക്കാൻ ലക്ഷ്യമിട്ട് ഗതാഗത മന്ത്രി ഇന്ന് പ്രധാന തൊഴിലാളി യൂണിയനുകളുമായി ചർച്ച നടത്തി. ഇതിൽ സർവ്വീസുകൾ ക്രമീകരിക്കാൻ തീരുമാനിച്ചെന്ന് മന്ത്രി പറഞ്ഞു. യൂണിറ്റ് തലത്തിൽ യൂണിയൻ പ്രതിനിധികൾ ഉൾപെടുന്ന കമ്മിറ്റി വരുമാന വർധനവ് ലക്ഷ്യമിട്ട് രൂപീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.
ചെലവ് ചുരുക്കാനും വരുമാനം വർധിപ്പിക്കാനുമാണ് ഇന്നത്തെ യോഗങ്ങളിൽ നിന്നുള്ള തീരുമാനം. ഇതിന്റെ ഭാഗമായി ജില്ലാ തലത്തിലും നിരീക്ഷണ സമിതി ഉണ്ടാകും. ഇന്ധന വിലവർദ്ധനയാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്ന് മന്ത്രി ആന്റണി രാജു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കൊവിഡിന് ശേഷം യാത്രക്കാരുടെ എണ്ണം കുറഞ്ഞു. ഈ സാഹചര്യത്തിൽ തൊഴിലാളി യൂണിയനുകൾ പണിമുടക്കിലേക്ക് പോയി കെ എസ് ആർ ടി സിയെ പ്രതിരോധത്തിലാക്കരുതെന്നും കൂട്ടായ ശ്രമത്തിലൂടെ പ്രതിസന്ധി പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.
കെഎസ്ആർടിസി സ്വിഫ്റ്റിന്റെ വരുമാനം കെഎസ്‌ആർടിസിക്കാണെന്ന് മന്ത്രി പറഞ്ഞു. ഈ മാസവും സംസ്ഥാന സർക്കാർ കെഎസ്ആർടിസിക്ക് സാമ്പത്തികമായ സഹായം നൽകും. 30 കോടി രൂപയിലധികം നൽകുമോയെന്ന് ധനവകുപ്പാണ് തീരുമാനിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
അതേസമയം ശമ്പള പ്രതിസന്ധിയിൽ വ്യക്‌തമായ ഉറപ്പ് കിട്ടിയില്ലെന്ന് മന്ത്രിയുമായുള്ള ചർച്ചയ്ക്ക് ശേഷം കെഎസ്ആർടിസിയിലെ ഐഎൻടിയുസി സംഘടനയായ ടിഡിഎഫ് നേതാക്കൾ പ്രതികരിച്ചു. മെയ് 5 ന് മുൻപ് ശമ്പളം കിട്ടിയില്ലെങ്കിൽ മെയ് 6 ന് പണിമുടക്കും. ശമ്പള കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. മറ്റ് മാർഗ്ഗമില്ല. നിയമവിരുദ്ധമായ പരിഷ്കാരങ്ങൾ നടപ്പാക്കാൻ അനുവദിക്കില്ല. വരുമാന വർദ്ധനവിന് നിയമപരമായ സഹകരണം നൽകുമെന്നും നേതാക്കൾ അറിയിച്ചു.ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം കെഎസ്ആർടിസി സ്വിഫ്റ്റാണെന്ന് ചർച്ചയ്ക്ക് ശേഷം ബിഎംഎസ് നേതാക്കൾ പറഞ്ഞു. ജോലി ചെയ്താൽ കൃത്യമായി ശമ്പളം വേണം. അഞ്ചിന് മുമ്പ് ശമ്പളം കിട്ടിയില്ലെങ്കിൽ പണിമുടക്കും. ജീവിക്കാനുള്ള അവകാശം മാനേജ്മെന്റ് നിഷേധിക്കരുതെന്നും നേതാക്കൾ പ്രതികരിച്ചു.