കണ്ണൂർ : തലശ്ശേരിയിൽ ബി.ജെ.പി പ്രവർത്തകന്റെ വീട്ടു വരാന്തയിൽ റീത്ത് വെച്ച് വച്ച നിലയിൽ. ഗോപാലപ്പേട്ടയിലെ സുമേഷിൻ്റെ വീട്ടുവരാന്തയിലാണ് ഇന്നലെ അർധ രാത്രിയിൽ റീത്തും ചന്ദനത്തിരികളും വച്ചത്. പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയാണ് സുമേഷ്. കേസിൽ അറസ്റ്റിലായ ഇയാൾ നിലവിൽ റിമാൻ്റിലാണ്. വീടിന്റെ മുൻഭാഗത്തും പിൻ ഭാഗത്തും ഓരോ റീത്ത് ആണ് കണ്ടെത്തിയത്. പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പുന്നോൽ ഹരിദാസൻ വധക്കേസിലെ മറ്റൊരു പ്രതിയായ നിജിൽ ദാസിനെ രണ്ട് ദിവസം മുൻപാണ് പിണറായി പാണ്ടികപ്പീടികയിൽ നിന്നും പോലീസ് പിടികൂടിയത്.
മുഖ്യമന്ത്രി പിണറായി വിജയൻ്റെ വീട്ടിൽ നിന്നും ഇരുന്നൂറ് മീറ്റര്‍ മാറിയുള്ള ഒരു വീട്ടിൽ ഒളിച്ചു കഴിയുകയായിരുന്നു ഇയാൾ. ഒളിവിൽ പോകാൻ ഇയാളെ സഹായിച്ച രേഷ്മ എന്ന അധ്യാപികയെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ധർമടം അണ്ടലൂർ ശ്രീനന്ദനത്തിൽ പി.എൻ. രേഷ്‌മയെ കേസിൽ പതിനഞ്ചാം പ്രതിയാക്കിയാണ് ന്യൂമാഹി പൊലീസ് തലശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോര്‍ട്ട് നൽകിയത്. എന്നാൽ കോടതി ഇവര്‍ക്ക് ജാമ്യം അനുവദിച്ചിരുന്നു. കൊലക്കേസ് പ്രതിയാണെന്ന് അറിഞ്ഞു കൊണ്ടാണ് നിജിലിനെ രേഷ്മ ഒളിവിൽ പാര്‍പ്പിച്ചതെന്ന് റിമാൻഡ് റിപ്പോര്‍ട്ടിലുണ്ട്. കേസിൽ പതിനാലാം പ്രതിയാണ് നിജിൽ ദാസ്. പുന്നോൽ ഹരിദാസൻ വധക്കേസിൽ രണ്ട് പ്രതികളെ കൂടി ഇനിയും പിടികൂടാനുണ്ട്.