പുനെ : ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ രാജസ്ഥാന്‍ റോയല്‍സ് ഇന്നിറങ്ങുമ്പോള്‍ നായകന്‍ സഞ്ജു സാംസണ്‍ നാഴികക്കല്ലിനരികെ. മൂന്ന് സിക്സറുകള്‍ കൂടി നേടിയാല്‍ ഐപിഎല്ലില്‍ സഞ്ജുവിന് 150 സിക്സുകള്‍ തികയ്ക്കാം. ഒരു വിക്കറ്റ് കൂടി നേടിയാല്‍ രാജസ്ഥാന്‍ സ്പിന്നർ ആർ അശ്വിന് 150 എണ്ണം തികയ്ക്കാം. ഡ്വെയ്ന്‍ ബ്രാവോ, ലസിത് മലിംഗ, അമിത് മിശ്ര, പീയുഷ് ചൌള, യുസ്‍വേന്ദ്ര ചാഹല്‍, ഹർഭജന്‍ സിംഗ്, ഭുവനേശ്വർ കുമാർ എന്നിവരാണ് മുമ്പ് 150 വിക്കറ്റ് ക്ലബിലെത്തിയ മറ്റ് താരങ്ങള്‍.
ഐപിഎല്ലില്‍ സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസ് ഇന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നേരിടും. പുനെയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. റോയൽ പോരാട്ടത്തിനിറങ്ങുമ്പോൾ ബാംഗ്ലൂരിന് ആശങ്ക രണ്ടാണ്. തകർപ്പൻ ഫോമിലുള്ള രാജസ്ഥാൻ ഓപ്പണർ ജോസ് ബട്‍ലറും മോശം ഫോമിലുള്ള ആർസിബി മുന്‍ നായകന്‍ വിരാട് കോലിയും. സൺറൈസേഴ്സിനോട് തകർന്നടിഞ്ഞ ബാംഗ്ലൂർ വിജയവഴിയിലെത്താൻ പൊരുതുമ്പോൾ ജൈത്രയാത്ര തുടരുകയാണ് രാജസ്ഥാന്റെ ലക്ഷ്യം. അവസാന രണ്ട് കളിയിലും ഗോൾഡൺ ഡക്കായ കോലി റൺ കണ്ടെത്താനുള്ള പെടാപ്പാടിലാണ്. തകർത്തടിക്കുന്ന ബട്‍ലറാണെങ്കിൽ മൂന്ന് സെഞ്ചുറിയോടെ 491 റൺസുമായി ഓറഞ്ച് ക്യാപ് തലയില്‍ വെച്ച് കുതിക്കുകയാണ്. ദേവ്ദത്ത് പടിക്കലും സഞ്ജു സാംസണും ഷിമ്രോൺ ഹെറ്റ്മെയറും കൂടി ചേരുമ്പോൾ രാജസ്ഥാന് റൺസിനെക്കുറിച്ച് ആശങ്കയില്ല.
കോലിക്കൊപ്പം അനൂജ് റാവത്തും മങ്ങിയതോടെ ക്യാപ്റ്റൻ ഡുപ്ലെസി, ഗ്ലെൻ മാക്സ്‍വെൽ, ദിനേശ് കാർത്തിക്, ഷഹബാസ് അഹമ്മദ് എന്നിവരുടെ ഉത്തരവാദിത്തം കൂടും. ട്രെന്‍റ് ബോൾട്ട്, പ്രസിദ്ധ് കൃഷ്ണ പേസ് ജോഡിയും ആർ അശ്വിൻ, യുസ്‍വേന്ദ്ര ചഹൽ സ്പിൻ കൂട്ടുകെട്ടും ബൗളിംഗിൽ രാജസ്ഥാന് മേൽക്കൈ നൽകുന്നു. ജോഷ് ഹെയ്സൽവുഡ്, മുഹമ്മദ് സിറാജ്, ഹർഷൽ പട്ടേൽ, വാനിന്ദു ഹസരംഗ എന്നിവർ പവർപ്ലേയിലടക്കം ഏങ്ങനെ പന്തെറിയും എന്നതിനെ ആശ്രയിച്ചാവും ബാംഗ്ലൂരിന്റെ ഭാവി. സീസണിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ ബാംഗ്ലൂർ നാല് വിക്കറ്റിന് രാജസ്ഥാനെ തോൽപിച്ചിരുന്നു. ഈ തോൽവിക്ക് പകരംവീട്ടാൻ കൂടിയാവും സഞ്ജുവും സംഘവും ഇറങ്ങുക.