കോവിഡ് ബാധിച്ചു മാസങ്ങള്‍ കഴിഞ്ഞും തുടരുന്ന രോഗലക്ഷണങ്ങളെയാണ് ലോങ് കോവിഡ് അഥവാ ദീര്‍ഘകാല കോവിഡ് എന്ന് പറയുന്നത്. ദീര്‍ഘകാല കോവിഡിനെയും അതിജീവിച്ച് പല രോഗികളും ലക്ഷണങ്ങളില്‍നിന്ന് പൂര്‍ണമായും മുക്തി നേടാന്‍ എടുക്കുന്ന സമയം വ്യത്യസ്തമാണ്. പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ കോവിഡിന്റെ സ്വാധീനത്തില്‍നിന്ന് പൂര്‍ണമായും മുക്തി നേടുന്നതു വൈകിയേക്കാമെന്നു ലെയ്‌കെസ്റ്റര്‍ സര്‍വകലാശാല നടത്തിയ പഠനത്തില്‍ കണ്ടെത്തി.
ലോങ് കോവിഡ് ബാധിതരിൽ അഞ്ചു മാസത്തിന് ശേഷം പരിപൂര്‍ണമായും രോഗലക്ഷണങ്ങളില്‍നിന്ന് മുക്തരായവര്‍ 26 ശതമാനമാണെന്ന് 2300 പേരില്‍ നടത്തിയ പഠനം ചൂണ്ടിക്കാട്ടി. ഒരു വര്‍ഷത്തിന് ശേഷം പരിപൂര്‍ണ രോഗമുക്തി നേടിയവര്‍ 28.9 ശതമാനമാണ്. ശ്വാസംമുട്ടല്‍, ക്ഷീണം, പേശീ വേദന, ഉറക്ക പ്രശ്‌നം, കാലിന് ബലക്കുറവ്, മാനസികാരോഗ്യ പ്രശ്‌നം, ബ്രെയിന്‍ ഫോഗ് തുടങ്ങിയവയാണ് ദീര്‍ഘകാല കോവിഡ് ബാധിച്ചവരില്‍ പൊതുവായി കണ്ട് വരുന്നത്. കോവിഡിന് ശേഷം ഒരു വര്‍ഷം കഴിഞ്ഞിട്ടും വ്യായാമം ചെയ്യാനുള്ള ശേഷി പോലും തിരികെ ലഭിക്കാത്തവരുണ്ട്. ഇത് അവരുടെ ജീവിതനിലവാരത്തെയും കാര്യമായ തോതില്‍ ബാധിക്കുന്നുണ്ടെന്ന് ഗവേഷകര്‍ പറയുന്നു. ലാന്‍സെറ്റ് റെസ്പിറേറ്ററി മെഡിസിന്‍ ജേണലിലാണ് ഗവേഷണറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.