ദില്ലി : രാജ്യദ്രോഹക്കുറ്റത്തിൻ്റെ ഭരണഘടന സാധ്യത ചോദ്യം ചെയ്തുള്ള പൊതുതാൽപര്യഹർജികൾ ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എൻ വി രമണ അധ്യക്ഷനായ പ്രത്യേക ബെഞ്ചാകും ഹർജികൾ പരിഗണിക്കുക. 2021 ജൂലൈയിൽ ഹർജികളിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ചീഫ് ജസ്റ്റിസ് നിയമത്തെ കുറിച്ച് വാക്കാൽ വിമർശനങ്ങൾ ഉയർത്തിരുന്നു. ബ്രീട്ടീഷ് കാലത്തെ നിയമം സ്വാതന്ത്ര്യം കിട്ടി എഴുപത്തിയഞ്ചാം വർഷത്തിലും നിലനിർത്തേണ്ട കാര്യമുണ്ടോയെന്ന് കോടതി ചോദിച്ചിരുന്നു.
മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലകൻ എന്നിവർക്കെതിരെ പ്രയോഗിച്ച രാജ്യദ്രോഹക്കുറ്റം, സ്വാതന്ത്ര്യം ലഭിച്ച് 75 വർഷത്തിന് ശേഷവും ആവശ്യമുണ്ടോയെന്നായിരുന്നു കേന്ദ്ര സര്‍ക്കാരിന് നോട്ടീസ് അയച്ചുകൊണ്ട് കോടതിയുടെ ചോദ്യം. വളരെയധികം ദുരുപയോഗം ചെയ്യപ്പെടുന്ന ഈ നിയമം ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു.
രാജ്യദ്രോഹ നിയമത്തന്റെ സാധുത പരിശോധിക്കുമെന്നും സുപ്രീംകോടതി അറിയിച്ചിരുന്നു. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 124 എ വകുപ്പിനെതിരെ റിട്ടയേർഡ് കരസേന മേജർ ജനറൽ എസ് ജി വൊമ്പാട്ട്കേരെയും, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയും സമർപ്പിച്ച ഹർജികളിലാണ് വാദം കേൾക്കൽ. മുതിർന്ന മാധ്യമപ്രവർത്തകൻ ശശികുമാർ കേസിൽ കക്ഷി ചേരാൻ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.