കൊച്ചി : കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് അന്തരിച്ച പി ടി തോമസ് എംഎല്‍എയുടെ മൃതദേഹം ഇന്ന് രാത്രിയോടെ കൊച്ചിയിലെ വസതിയിലെത്തിക്കും. റോഡ് മാര്‍ഗമാണ് ഭൗതിക ശരീരം എറണാകുളത്ത് എത്തിക്കുക. നാളെ രാവിലെ എറണാകുളം ഡിസിസി ഓഫിസിലും കാക്കനാട് കമ്മ്യൂണിറ്റി ഹാളിലും പൊതുദര്‍ശനമുണ്ടാകും. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെ പി.ടിയുടെ ഭൗതിക ശരീരവുമായി വാഹനം വെല്ലൂരില്‍ നിന്ന് പുറപ്പെടും. കൊച്ചി പാലാരിവട്ടത്തെ പി ടി തോമസിന്റെ വസതിയില്‍ പ്രമുഖരടക്കം ആളുകള്‍ എത്തിച്ചേര്‍ന്നുകൊണ്ടിരിക്കുകയാണ്. മൂന്ന് ദിവസത്തേക്ക് കോണ്‍ഗ്രസിന്റെ എല്ലാ പൊതുപരിപാടികളും റദ്ദുചെയ്തതായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ അറിയിച്ചു.
അര്‍ബുദ ബാധിതനായിരുന്ന പിടി തോമസ് എംഎല്‍എ വെല്ലൂര്‍ മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. കേരളത്തിലെ കോണ്‍ഗ്രസ്സ് പാര്‍ട്ടിയുടെ നേതാക്കളില്‍ വേറിട്ട ശക്തമായ ശബ്ദമായിരുന്നു പി.ടിയുടേത്. കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെഎസ്‌യുവിന്റെ പ്രവര്‍ത്തനങ്ങളിലൂടെയാണ് പി. ടി തോമസ് സജീവ പൊതുപ്രവര്‍ത്തനത്തിലേക്ക് എത്തുന്നത്. 1980ല്‍ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി ടി തോമസ്, 1980 മുതല്‍ കെപിസിസി, എഐസിസി അംഗമാണ്. 1990ലാണ് ഇടുക്കി ജില്ലാ കൗണ്‍സില്‍ അംഗമാണ്.
1991, 2001 നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തൊടുപുഴയില്‍ നിന്ന് വിജയിച്ചു. 96ലും 2006ലും തൊടുപുഴയില്‍ മത്സരിച്ചെങ്കിലും പി. ജെ ജോസഫിനോട് പരാജയപ്പെട്ടിരുന്നു. 2007ല്‍ ഇടുക്കി ഡിസിസി പ്രസിഡന്റായി. 2009ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടുക്കിയില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടു. പരിസ്ഥിതി പ്രവര്‍ത്തകന്‍ എന്ന നിലയില്‍ ശ്രദ്ധേയ സംഭാവനകള്‍ നല്‍കിയ രാഷ്ട്രീയ നേതാവ് കൂടിയാണ് പി.ടി തോമസ്. ഗ്രന്ഥകാരന്‍ എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനായിരുന്നു.