കോഴിക്കോട് : നല്ലളം പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ പോക്സോ കേസ് പ്രതി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവം ജില്ലാ ക്രൈംബ്രാഞ്ച് അസി. കമ്മീഷണർ അന്വേഷിക്കും. ചെറുവണ്ണൂർ ബി സി റോഡിൽ നാറാണത് വീട്ടിൽ ജിഷ്ണുവിന്റെ മരണമാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. ബന്ധുക്കളുടെ ആവശ്യം പരിഗണിച്ച് ആര്‍ഡിഒ ഇൻക്വസ്റ്റ് നടത്തും. മെഡിക്കൽ ബോർഡ് മേൽനോട്ടം വഹിക്കും. ഇന്നലെ രാത്രിയാണ് പോലീസ് വീട്ടിൽ നിന്നിറക്കി കൊണ്ടുപോയ യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. നല്ലളം പോലീസ് സ്റ്റേഷനിലെ രണ്ട് പോലീസുകാരെത്തി ജിഷ്ണുവിനെ വീട്ടിൽ നിന്നും കൂട്ടിക്കൊണ്ടുപോയതെന്നാണ് ബന്ധുക്കൾ പറയുന്നത്. വീട്ടിലില്ലായിരുന്ന ജിഷ്ണുവിനെ ഫോണിൽ വിളിച്ചുവരുത്തിയാണ് കൂട്ടിക്കൊണ്ട് പോയത്. അതിന് ശേഷം രാത്രി 9.30 ഓടെ വീടിന് സമീപത്തെ വഴിയരികിൽ നാട്ടുകാരാണ് അത്യാസന്ന നിലയിൽ ജിഷ്ണുവിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ജിഷ്ണുവിനെതിരെ കൽപ്പറ്റ പോലീസ് ഇന്നലെ പോക്സോ നിയമ പ്രകാരം കേസെടുത്തിരുന്നു. ട്യൂഷൻ കഴിഞ്ഞ് സൈക്കിളിൽ മടങ്ങുകയായിരുന്ന പെൺകുട്ടിയെ തടഞ്ഞു നിർത്തി ഉപദ്രവിക്കാൻ ശ്രമിച്ചുവെന്ന പരാതിയിലായിരുന്നു കേസ്. മുണ്ടേരി ടൗണിൽ വെച്ചായിരുന്നു സംഭവം. പെൺകുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കണ്ടെത്താൻ കൽപ്പറ്റ പൊലീസ്, നല്ലളം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് ജിഷ്മുവിന്റെ വീട്ടിലെത്തിയതെന്നാണ് വിവരം. കേസന്വേഷണത്തിന്റെ ഭാഗമായി ജിഷ്ണുവിന്റെ അടുത്ത് വന്ന് വിവരങ്ങളറിയുക മാത്രമാണ് ചെയ്തതെന്നാണ് നല്ലളം പോലീസ് നൽകുന്ന വിശദീകരണം. ജിഷ്ണുവിന്റെ വീട് കണ്ടെത്താൻ മാത്രമാണ് പോയത്. കസ്റ്റഡിയിൽ എടുത്തിട്ടില്ല. പോലീസ് പരാതിയുമായി ബന്ധപ്പെട്ട വിഷയം തിരക്കിയപ്പോൾ ജിഷ്ണു ഓടിയെന്നും കോഴിക്കോട് ഡിസിപി വിശദീകരിക്കുന്നു.