മുഖക്കുരു പലരേയും അലട്ടുന്ന പ്രശ്നമാണ്. മുഖക്കുരു വന്നുപോയാലും അവ അവശേഷിപ്പിക്കുന്ന പാടുകൾ മുഖത്ത് ഏറെ കാലം കാണും. ചർമത്തിൽ പ്രത്യക്ഷപ്പെടുന്ന പാടുകൾ അകറ്റാൻ വ്യത്യസ്ത ക്രീമുകൾ പലതും വാങ്ങി പരീക്ഷിച്ചു നോക്കുന്നവരാണ് അധികവും. മുഖക്കുരുവിന്റെ പാടുകൾ അകറ്റാൻ ചില പ്രകൃതിദത്ത വഴികൾ പരീക്ഷിക്കാം. വെളിച്ചെണ്ണയ്ക്ക് വളരെയധികം ആരോഗ്യഗുണങ്ങളുണ്ട്. ഇത് ആന്റി-ഇൻഫ്ലമേറ്ററി, ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമാണ്. മുഖക്കുരു ഉൾപ്പെടെയുള്ള എല്ലാത്തരം ചർമ്മ അവസ്ഥകൾക്കും പരിഹാരം കാണാൻ കഴിയും.
ഇത് പൂർണ്ണമായും വിറ്റാമിൻ കെ, ഇ എന്നിവയാൽ നിറഞ്ഞിരിക്കുന്നു. കൂടാതെ ആന്റിഓക്‌സിഡന്റുകളാൽ സമ്പുഷ്ടമാണ്. ഇത് മുഖക്കുരു പാടുകൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ആരോഗ്യകരമായ ചർമ്മകോശങ്ങളുടെ വളർച്ചയെ സഹായിക്കും. അൽപം വെളിച്ചെണ്ണ മുഖത്ത് പുരട്ടി മസാജ് ചെയ്യുക. ശേഷം 10 മിനുട്ട് കഴിഞ്ഞ് കഴുകി കളയുക. അടുക്കളകളിൽ കാണപ്പെടുന്ന ഏറ്റവും സാധാരണമായ ചേരുവകളിലൊന്നാണ് കടലമാവ്. ചർമ്മവുമായി ബന്ധപ്പെട്ട മിക്ക പ്രശ്നങ്ങൾക്കുമുള്ള പ്രകൃതിദത്ത പരിഹാരമാണിത്. 1 ടീസ്പൂൺ കടലമാവ്, റോസ് വാട്ടർ, നാരങ്ങ നീര് എന്നിവ മിക്സ് ചെയ്ത് മുഖത്തിടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ കഴുകി കളയുക.
നാരങ്ങ നീര് ചർമത്തിലെ പാടുകൾ ലഘൂകരിക്കാൻ ഫലപ്രദമായ ഒരു ചേരുവയാണ്. നാരങ്ങാ നീരിൽ കുറച്ച് തുള്ളി തേൻ കലർത്തി മുഖത്തെ പാടുകളിൽ പുരട്ടുക. 10 മിനുട്ട് മുഖത്തിട്ട ശേഷം കഴുകി കളയുക. നാരങ്ങ നീര് പുരട്ടിയ ശേഷം സൂര്യപ്രകാശം ഏൽക്കാനുള്ള സാധ്യതകൾ കഴിവതും ഒഴിവാക്കണം. മറ്റൊരു മികച്ച മാർഗ്ഗം ഒരു ടീസ്പൂൺ കറ്റാർ വാഴ ജെൽ നാരങ്ങ നീരുമായി കലർത്തി ഉപയോഗിക്കുകയാണ്. കറ്റാർവാഴ പാടുകൾ കുറയ്ക്കുന്നതിനും ചർമ്മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നതിനും പേരുകേട്ട ചേരുവയാണ്. മുഖക്കുരു ഉള്ള ഭാഗത്ത് കറ്റാർവാഴ ജെൽ ഈ മിശ്രിതം പുരട്ടുക. ഇത് മുഖക്കുരുവിനുള്ള ഒരു സ്വാഭാവിക പ്രതിവിധിയാണ്.