പൂനെ : റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ താരം വിരാട് കോലിയുടെ ഫോമാണ് ക്രിക്കറ്റ് ലോകത്തെ പ്രധാന ആശങ്ക. നായകസ്ഥാനം മാറ്റിവച്ച് കളിച്ചിട്ടും അദ്ദേഹത്തിന് ഫോമിലേക്ക് ഉയരാന്‍ സാധിച്ചിക്കുന്നില്ല. ഇന്നലെ രാജസ്ഥാന്‍ റോയല്‍സിനെതിരെ ഓപ്പണറായി കളിച്ചിട്ടും പ്രകടനത്തില്‍ മാറ്റമൊന്നും ഉണ്ടായില്ല. 10 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമാണ് കോലിക്ക് നേടാന്‍ സാധിച്ചത്. പ്രസിദ്ധ് കൃഷ്ണയുടെ പന്തില്‍ റിയാന്‍ പരാഗിന് ക്യാച്ച് നല്‍കിയാണ് കോലി മടങ്ങുന്നത്. ഇതിന് മുമ്പുള്ള രണ്ട് മത്സരങ്ങളിലും കോലി ആദ്യ പന്തില്‍ തന്നെ പുറത്തായിരുന്നു.
കോലിയുടെ മോശം പ്രകടനത്തിനിടയിലും പിന്തുണയുമായി രംഗത്തെത്തിയിരിക്കുകയാണ് മുഖ്യ പരിശീലകന്‍ സഞ്ജ ബംഗാര്‍. കോലി ഫോമിലേക്ക് തിരിച്ചെത്തുമെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ”പുതിയ പന്തില്‍ കളിക്കുകയെന്നത് മിക്കവാറും ടീമകുള്‍ക്ക് വെല്ലുവിളിയാണ്. നേരത്തെ വിക്കറ്റുകള്‍ നഷ്ടമാവുന്നത് ടീമിന്റെ പ്രകടനത്തെ ബാധിക്കുന്നുണ്ട്. ടീമിനെ പിന്നോട്ടടിപ്പിക്കുന്നതും ഇതാണ്. ജയിക്കേണ്ട മത്സരങ്ങള്‍ പോലും തോല്‍ക്കുന്നു. വിരാട് കോലി മഹാനായ താരമാണ്. അദ്ദേഹത്തിന്റെ കരിയറില്‍ ഉയര്‍ച്ച താഴ്ച്ചകള്‍ ഉണ്ടായിട്ടുണ്ട്. ഞാന്‍ അടുത്ത് നിന്ന് അദ്ദേഹത്തെ വീക്ഷിച്ചിട്ടുണ്ട്. തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ കോലിക്ക് സാധിക്കും. പ്രധാന മത്സരങ്ങളില്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുമെന്ന് തന്നെയാണ് ടീമിന്റെ പ്രതീക്ഷ.” പ്രധാന പരിശീലകന്‍ ബംഗാര്‍ പറഞ്ഞു.
കംഫര്‍ട്ട് സോണില്‍ നിന്ന് കരകയറാന്‍ കോലിക്ക് വളരെ പെട്ടന്ന് സാധിക്കുന്നുവെന്നുള്ളതാണ് അദ്ദേഹത്തിന്റെ സവിശേഷത. ശരിയാണ് അദ്ദേഹത്തിന് വലിയ സ്‌കോറുകള്‍ നേടാന്‍ സാധിക്കുന്നില്ല. എന്നാല്‍ മാനസികമായി കോലി കരുത്തനാണ്. എപ്പോഴും മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കോലി ശ്രമിക്കുന്നുണ്ട്. ആര്‍സിബി വ്യക്തികളേ ആശ്രയിച്ചല്ല കളിക്കുന്നത്. ആര്‍സിബി ജയിച്ച മത്സരങ്ങള്‍ ശ്രദ്ധിച്ചാല്‍ മനസിലാവും, എല്ലാവരും മികച്ച പ്രകടനങ്ങള്‍ പുറത്തെടുത്തിട്ടുണ്ട്. കോലിയും ഇതില്‍ ഉള്‍പ്പെടും. ഇനിയും കോലിയുടെ ദിവസം വന്നുചേരും. ഷഹബാസ് അഹമ്മദ്, ദിനേശ് കാര്‍ത്തിക്, ഫാഫ് ഡു പ്ലെസിസ്, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവരെല്ലാം അതിന് കരുത്തുള്ളവരാണ്. മികച്ച പ്രകടനം ടീമില്‍ നിന്ന് പ്രതീക്ഷിക്കാം.” ബംഗാര്‍ വ്യക്താക്കി.
കോലി നിരാശപ്പെടുത്തിയപ്പോള്‍ രാജസ്ഥാന്റെ 144നെതിരെ ആര്‍സിബി 115ന് പുറത്താവുകയായിരുന്നു. 29 റണ്‍സിന്റെ തോല്‍വിയാണ് ആര്‍സിബി ഏറ്റുവാങ്ങിയത്. നാല് വിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് സെന്‍, മൂന്ന് വിക്കറ്റ് നേടി ആര്‍ അശ്വിന്‍ എന്നിവരാണ് ആര്‍സിബിയെ തകര്‍ത്തത്.