ദില്ലി : ഇന്ധനനികുതി കുറയ്ക്കണമെന്ന് ബിജെപി ഇതര പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി കുറച്ചിട്ടും ചില സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ നികുതി വരുമാനത്തില്‍ നിന്ന് 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നുണ്ട്. നികുതി കുറയ്ക്കാത്ത ചില സംസ്ഥാനങ്ങള്‍ അധിക വരുമാനമുണ്ടാക്കിയെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി. തമിഴ്‌നാട്, മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ജാര്‍ഖണ്ഡ്, തെലങ്കാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളുടെ പേരെടുത്ത് പറഞ്ഞാണ് വിമര്‍ശനം നടത്തിയത്. ഈ സംസ്ഥാനങ്ങള്‍ ഇന്ധന നികുതി കുറയ്ക്കാന്‍ ഇതുവരെ തയ്യാറായിട്ടില്ല. ഇന്ധന വില കുറയാത്തത് സാധാരണക്കാരന് വലിയ ദുരിതമാണെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
രാജ്യത്ത് കോവിഡ് കേസുകള്‍ വീണ്ടും ഉയരുന്ന പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്. വീഡിയോ കോണ്‍ഫറന്‍സിങ് വഴിയാണ് യോഗം നടന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി, ആരോഗ്യമന്ത്രി, ആരോഗ്യ മന്ത്രാലയം ഉന്നത ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. അമേരിക്കയില്‍ ചികിത്സയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന് പകരം ആരോഗ്യമന്ത്രി വീണ ജോര്‍ജാണ് യോഗത്തില്‍ പങ്കെടുക്കുത്തത്. നിലവിലെ കോവിഡ് സാഹചര്യത്തിനൊപ്പം, വാക്‌സിന്‍ വിതരണത്തിന്റെ തല്‍സ്ഥിതി, ആരോഗ്യ സംവിധാനത്തിലെ മുന്നൊരുക്കങ്ങള്‍ എന്നിവ പ്രധാനമന്ത്രി വിലയിരുത്തി. അതിനിടെ രാജ്യത്തെ പ്രതിദിനകോവിഡ് കേസുകള്‍ വീണ്ടും ഉയര്‍ന്നു. 24 മണിക്കൂറിനിടെ 2927 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.32 പേരാണ് മരണപ്പെട്ടത്.