ന്യൂഡൽഹി : ഡൽഹിയിൽ താപനില 46 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയെന്ന് റിപ്പോർട്ട്. ഈ സാഹചര്യത്തിൽ തലസ്ഥാനത്ത് ഏപ്രിൽ 28 മുതൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചിരിക്കുകയാണ്. ഡൽഹിയിലെ സഫ്ദർജംഗ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിൽ ചൊവ്വാഴ്ച താപനില 40.8 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിരുന്നു. ഇന്ന് 42 ഡിഗ്രിയാണ് ചൂട്. വ്യാഴാഴ്ചയോടെ താപനില 44 ഡിഗ്രി സെൽഷ്യസിലേക്ക് ഉയരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2017 ഏപ്രിൽ 21ന് ഡൽഹിയിലെ 43.2 ഡിഗ്രി സെൽഷ്യസ് ആണ് രേഖപ്പെടുത്തിയത്. മാർച്ച് അവസാന വാരത്തോടെ രാജ്യത്തിന്‍റെ വടക്കു പടിഞ്ഞാറൻ സംസ്ഥാനങ്ങളിൽ ചൂട് ഉയർന്ന തോതിലെത്തുമെന്നാണ് സൂചന. ഉത്തരേന്ത്യയിൽ സജീവമായിരുന്ന പടിഞ്ഞാറൻ വാതത്തിന്‍റെ അഭാവവും ദക്ഷിണേന്ത്യയിലെ കാലാവസ്ഥാ വ്യതിയാനവുമാണ് ഇതിന് കാരണമായി കാലാവസ്ഥാ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.
താപനില ഉയർന്ന പ്രദേശങ്ങളിൽ താമസിക്കുന്ന പ്രായമായവർക്കും കുട്ടികൾക്കും ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാകാനിടയുള്ളതിനാൽ ജാഗ്രത പുലർത്തണമെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നൽകി. ഡൽഹിയിൽ ഉഷ്ണതരംഗത്തിനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുണ്ട്.