ബറേലി : കരിമ്പിന്റെ താങ്ങുവില വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങളെ കുറിച്ച് സംസാരിച്ച ജനപ്രതിനിധി താൻ മാത്രമാണെന്ന് വരുൺ ഗാന്ധി എംപി. ബിജെപിയിലെ മറ്റുള്ള എംഎൽഎമാർക്കോ എം.പിമാർക്കോ അതിനുള്ള ആർജ്ജവമില്ലെന്നും വരുൺ ഗാന്ധി പറഞ്ഞു. ബറേലിയിലെ ഗ്രാമങ്ങളിലെ കർഷകരോട് സംസാരിക്കുകയായിരുന്നു അദ്ധേഹം. മറ്റ് ബി.ജെ.പി ജനപ്രതിനിധികൾ ഇത്തരം വിഷയങ്ങൾ ഉയർത്താറില്ല. അടുത്ത തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെടുമോ എന്നവർ ഭയക്കുന്നുവെന്നും വരുൺ ഗാന്ധി പറഞ്ഞു. തങ്ങൾക്ക് സീറ്റ് കിട്ടില്ലെന്ന് ഈ നേതാക്കൾ ഭയക്കുന്നു. ജനങ്ങൾക്ക് വേണ്ടി ജനപ്രതിനിധികളല്ലാതെ മറ്റാരാണ് ശബ്ദമുയർത്തുക. സീറ്റ് ലഭിക്കുമോ ഇല്ലയോ എന്നത് എന്നെ ബാധിക്കുന്ന വിഷയമല്ല. എന്റെ അമ്മ പല തിരഞ്ഞെടുപ്പുകളിലും വിജയിച്ചത് സ്വതന്ത്ര സ്ഥാനാർഥിയായാണ്. സർക്കാരുകൾ വരും പോകും. പക്ഷെ ഞാൻ സത്യം മാത്രമാണ് പറയാറ് – അദ്ദേഹം വ്യക്തമാക്കി.
താനൊരു വിപ്ലവകാരിയാണ്. അനീതി നടക്കുന്നത് തനിക്ക് കണ്ടുനിൽക്കാനാവില്ല. താൻ പലപ്പോഴും ജനങ്ങൾക്ക് നൽകുന്ന സഹായമെല്ലാം തന്റെ സ്വന്തം പണത്തിൽ നിന്നാണ് നൽകുന്നതെന്നും ബറേലി ഉൾപ്പെടുന്ന പിലിഭിത്ത് ലോക്സഭ മണ്ഡലത്തിൽ നിന്നുള്ള എം.പിയായ വരുൺ ഗാന്ധി പറഞ്ഞു. വരുണിന്റെ അമ്മ മേനകാ ഗാന്ധി 1998 ലും, 1999 ലും സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ചായിരുന്നു പിലിഭിത്തിൽ നിന്ന് വിജയിച്ചത്. നേരത്തെ വരുൺ ഗാന്ധിയെയും മാതാവ് മനേക ഗാന്ധിയെയും ബി.ജെ.പി ദേശീയ പ്രവർത്തന സമിതിയിൽ നിന്ന് ഒഴിവാക്കിയിരുന്നു. ലഖിംപുർ ഖേരി സംഭവത്തിൽ ഉൾപ്പടെ വരുൺ ബി.ജെ.പി നേതൃത്വത്തിനെതിരെ വിമർശനവുമായി രംഗത്തെത്തിയിരുന്നു.