കുന്നംകുളം: കൂട്ടുകാർക്കൊപ്പം കളിക്കാൻ വീട്ടിൽ വന്ന അഞ്ചു വയസ്സുകാരിയെ പല ദിവസങ്ങളിലായി വീട്ടിലും വീടിന്‍റെ ടെറസിലും വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിലെ പ്രതിയെ 40 വർഷം കഠിന തടവിനും ഒരു ലക്ഷം പിഴയടക്കാനും കുന്നംകുളം അതിവേഗ സ്പെഷൽ പോക്സോ കോടതി വിധിച്ചു.
ചാവക്കാട് കടപ്പുറം തൊട്ടാപ്പ് സുനാമി കോളനി പുതുവീട്ടിൽ സെയ്തു മുഹമ്മദിനെയാണ് (47) ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. 2017 ഫെബ്രുവരി മാസത്തിലാണ് കേസിനാസ്പദമായ സംഭവം ആദ്യം നടന്നത്. പീഡനത്തിന് ഇരയായ കുട്ടിക്ക് ജനനേന്ദ്രിയത്തിൽ വേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അമ്മയോട് വിവരം പറഞ്ഞപ്പോഴാണ് സംഭവം വീട്ടുകാർ അറിയുന്നത്. തുടർന്ന് ചാവക്കാട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.
പ്രോസിക്യൂഷനുവേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ) കെ.എസ്. ബിനോയ് ഹാജറായി. ചാവക്കാട് പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ ആയിരുന്ന എം.കെ. രമേഷ് രജിസ്റ്റർ ചെയ്ത കേസിൽ ചാവക്കാട് പൊലീസ് ഇൻസ്പെക്ടർ ആയിരുന്ന ഗുരുവായൂർ അസി. കമീഷണർ കെ.ജി. സുരേഷാണ് കേസ് അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്. ചാവക്കാട് പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫിസർ ബൈജുവും പ്രോസിക്യൂഷനെ സഹായിച്ചു.