ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്നതിനിടെ, ക്രിസ്ത്മസ് – പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ട ആഘോഷങ്ങൾ ഡൽഹി സർക്കാർ നിരോധിച്ചു. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ ആൾക്കൂട്ട ആഘോഷങ്ങളും നിരോധിച്ചതായി ഡൽഹി ദുരന്തനിവാരണ അതോറിറ്റി (ഡി.ഡി.എം.എ) അറിയിച്ചു. ഉത്തരവ് കർശനമായി പാലിക്കണമെന്ന് ഡൽഹി പോലീസും ഭരണകൂടവും ജനങ്ങളോട് അഭ്യർഥിച്ചു. ദിവസവും ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ട് സമർപ്പിക്കാനും ജില്ല ഭരണകൂടങ്ങൾക്ക് നിർദേശം നൽകി. മുഖാവരണം ധരിക്കാതെ വരുന്നവരെ കടകളിലും സ്ഥാപനങ്ങളിലും പ്രവേശിപ്പിക്കരുതെന്ന് വ്യാപാരികൾക്കും നിർദേശം നൽകിയിട്ടുണ്ട്. ഡൽഹിയിൽ ഇതുവരെ 57 പേർക്കാണ് ഒമിക്രോൺ രോഗബാധ സ്ഥിരീകരിച്ചത്. രാജ്യത്ത് ഏറ്റവും കൂടുതൽ രോഗബാധ കണ്ടെത്തിയ സംസ്ഥാനമാണ് ഡൽഹി. രാജ്യത്ത് ഇതുവരെ 222 പേരിലാണ് ഒമിക്രോൺ കണ്ടെത്തിയത്.