തിരുവനന്തപുരം : കൂട്ടിയ ബസ് നിരക്ക് ഇന്നു പ്രാബല്യത്തിൽ വരുന്നതോടെ ഹ്രസ്വദൂര യാത്രകൾക്കും ചെലവേറും. ഓട്ടോ, ടാക്സി നിരക്കുകളും വർധിക്കും. ഓർഡിനറി ബസ് മിനിമം നിരക്ക് 2 രൂപ കൂട്ടി 10 രൂപയും ഫാസ്റ്റ് മിനിമം നിരക്ക് ഒരു രൂപ കൂട്ടി 15 രൂപയുമാക്കി.
സൂപ്പർ ഫാസ്റ്റുകളിൽ മിനിമം നിരക്ക് 20 രൂപയിൽ നിന്ന് 22 ആയും കിലോമീറ്റർ നിരക്ക് 98 പൈസയിൽ നിന്ന് 1.08 രൂപയായും കൂടി. സെസും വരുന്നതോടെ നിരക്കിൽ കാര്യമായ വ്യത്യാസമുണ്ട്. 25 രൂപ വരെ ടിക്കറ്റുകൾക്ക് ഒരു രൂപ, 40 വരെ രണ്ടു രൂപ, 80 വരെ നാലു രൂപ, 100 രൂപയ്ക്ക് മുകളിൽ 5 എന്നിങ്ങനെയാണു സെസ്.
പ്രതിദിന യാത്രക്കാരാണു കൂടുതലും ഫാസ്റ്റ് പാസഞ്ചറുകളെ ആശ്രയിക്കുന്നത് എന്നതിനാൽ നിരക്കു വർധന അമിതഭാരമാകും. അതേസമയം, ജൻറം നോൺ എസി, സിറ്റി ഷട്ടിൽ, സിറ്റി സർക്കുലർ സർവീസുകളുടെ മിനിമം നിരക്ക് കുറച്ചതായി കെഎസ്ആർടിസി അറിയിച്ചു. ഫാസ്റ്റ് പാസഞ്ചർ, സൂപ്പർഫാസ്റ്റ്, സൂപ്പർ എക്സ്പ്രസ്, ഡീലക്സ് ബസുകളിൽ കിലോമീറ്റർ പരിഗണിച്ച് ഫെയർ സ്റ്റേജുകൾ പുതിയതായി അനുവദിച്ചതിനാൽ നിരക്ക് കുറയുമെന്ന് കെഎസ്ആർടിസി അവകാശപ്പെട്ടു. സൂപ്പർ എക്സ്പ്രസിൽ മിനിമം നിരക്ക് കൂട്ടാതെ തന്നെ യാത്ര ചെയ്യാവുന്ന ദൂരം 10 ൽ നിന്നു 15 കിലോമീറ്റർ ആയി വർധിപ്പിച്ചതായും ചൂണ്ടിക്കാട്ടുന്നു.കോവിഡ് കാലത്തിനു മുൻപ് 2018 ലാണ് അവസാനമായി ബസ് നിരക്ക് കൂട്ടിയത്. 2018 ൽ 19 രൂപയ്ക്ക് യാത്ര ചെയ്തിരുന്ന ദൂരത്തിന് ഇനി 28 രൂപ നൽകണം. 2018 ൽ ഓർഡിനറി ബസുകളുടെ കിലോമീറ്റർ നിരക്ക് 70 പൈസയായിരുന്നു. കോവിഡ് കാലത്ത് ഇത് 90 പൈസയാക്കി; ഇപ്പോൾ ഒരു രൂപയും.