തിരുവനന്തപുരം : ഗുജറാത്തിൽ നടപ്പാക്കിയ ഡാഷ്‌ബോർഡ് സംവിധാനം മനസ്സിലാക്കാൻ കേരളത്തിൽനിന്ന് ഉദ്യോഗസ്ഥർ സന്ദർശിച്ചതിനെ തെറ്റായി ചിത്രീകരിക്കാൻ വ്യാപക ശ്രമം. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഡാഷ്‌ബോർഡ് പ്രവർത്തനം നിരീക്ഷിക്കാനും പഠിക്കാനുമാണ് പോയത്. എന്നാൽ, ബിജെപിയുടെ രാഷ്‌ട്രീയ–-സാമ്പത്തിക നയം പഠിക്കാൻ പോയി എന്ന് തെറ്റിദ്ധരിപ്പിക്കും വിധമാണ് ചില മാധ്യമങ്ങളുടെയും പ്രതിപക്ഷത്തിന്റെയും പ്രചാരണം. യാത്രയുടെ ഉദ്ദേശ്യലക്ഷ്യങ്ങൾ സംസ്ഥാന സർക്കാർ നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്.വികസന പദ്ധതികളുടെയും സേവനങ്ങളുടെയും സ്ഥിതിയും പുരോഗതിയും മുഖ്യമന്ത്രിക്ക് ഒറ്റ സ്ക്രീനിലൂടെ മനസ്സിലാക്കാൻ കഴിയുന്നതാണ് ഡാഷ്‌ബോർഡ്.
പുതിയ വിവരങ്ങൾ ശേഖരിച്ച് അപ്പപ്പോൾ ക്രമീകരിച്ച് നൽകുന്ന കംപ്യൂട്ടർ സാങ്കേതിക സംവിധാനം. അവ നിരീക്ഷിക്കുമ്പോൾ ഏതെങ്കിലും മേഖലയിൽ പോരായ്മകൾ ഉണ്ടെങ്കിൽ അതത് സമയത്ത് മുഖ്യമന്ത്രിക്ക് നിർദേശം നൽകാനാകും. അത് പരിശോധിച്ച് ചീഫ് സെക്രട്ടറി നൽകുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടപ്പാക്കണോ വേണ്ടയോ എന്ന് സർക്കാർ തീരുമാനിക്കും.
ലോകത്ത് എവിടെയുമുള്ള മെച്ചപ്പെട്ട സംവിധാനത്തെക്കുറിച്ച് പഠിച്ച്, കേരളത്തിന്റെ പുരോഗതിക്ക് പ്രയോജനപ്പെടുത്തുന്നതിൽ എന്താണ് തെറ്റെന്ന് മുതിർന്ന സിപിഐ എം നേതാവ് എസ് രാമചന്ദ്രൻപിള്ള ചോദിച്ചു. ബിജെപിയുടെ രാഷ്‌ട്രീയനയമോ സാമ്പത്തികനയമോ പഠിക്കാനല്ല ഉദ്യോഗസ്ഥർ പോയത്. ബിജെപി ന്യൂനപക്ഷങ്ങൾക്കു നേരെ ബുൾഡോസർ കയറ്റുന്നതു കണ്ട് മനസ്സിലാക്കാനുമല്ല. സാമ്രാജ്യത്വ രാജ്യങ്ങൾ ആയതുകൊണ്ട് അമേരിക്കയിലെയും ബ്രിട്ടനിലെയും മറ്റും മികച്ച സംവിധാനങ്ങൾ തള്ളിക്കളയാറില്ലല്ലോ. ആ സംവിധാനത്തെ നന്നായി മനസ്സിലാക്കിയശേഷം നമ്മളാണ് നടപ്പാക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക.തെറ്റിദ്ധരിപ്പിക്കാനുള്ള ബോധപൂർവമായ ശ്രമങ്ങളൊന്നും വിലപ്പോകില്ലെന്നും എസ് ആർ പി പറഞ്ഞു.