അയോധ്യ: അയോധ്യയിലെ രാമക്ഷേത്രത്തിൽ പ്രധാന ദിവസങ്ങളിൽ അഞ്ചു ലക്ഷം വരെ ഭക്തരെ ഉൾക്കൊള്ളാനാകുമെന്ന് ക്ഷേത്ര നിർമ്മാണ സമിതി അധ്യക്ഷൻ നൃപേന്ദ്ര മിശ്ര. ഒരു ദിവസം എത്ര മണിക്കൂർ സമയം ക്ഷേത്രം തുറന്നിരിക്കണം എന്നത് സുരക്ഷ ഏജൻസികളുമായി കൂടി ആലോചിച്ച് തീരുമാനിക്കുമെന്നും മിശ്ര പറഞ്ഞു. ഉച്ചയ്ക്ക് വിഗ്രഹത്തിലേക്ക് സൂര്യപ്രകാശം പ്രതിഫലിപ്പിക്കുന്ന സംവിധാനം തത്സമയം വീക്ഷിക്കാൻ അയോധ്യയിൽ 100 സ്ക്രീനുകൾ ഒരുക്കുമെന്നും നൃപേന്ദ്ര മിശ്ര അറിയിച്ചു.
ക്ഷേത്രം തുറക്കുന്ന സമയം സുരക്ഷ വിലയിരുത്തി തീരുമാനിക്കും. പ്രധാന ദിവസങ്ങളിൽ 12-14 മണിക്കൂർ തുറന്നാൽ രണ്ട ലക്ഷം മുതൽ അഞ്ചു ലക്ഷം വരെ ആളുകൾ എത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഇവിടെ എത്തുന്നവർക്ക് ഏഴു സെക്കൻറ് മാത്രമേ ദർശനം നടത്താനുള്ള സമയം കിട്ടുകയുള്ളു. അതിൽ നിരാശ ഉണ്ടായേക്കാം. ഇതിൽ എന്തു ചെയ്യാൻ കഴിയും എന്ന് നോക്കും. 12 മണിക്കൂറിന് പകരം 16 മണിക്കൂർ വരെ തുറക്കാൻ ശ്രമിക്കും. ഇത് എന്തു വേണം എന്ന് തീരുമാനിക്കും. സുരക്ഷ ഏജൻസികൾക്ക് എത്രത്തോളം ഇതിനുള്ള തയ്യാറെടുപ്പ് നടത്താൻ കഴിയും എന്ന് കൂടി ചർച്ച ചെയ്ത ശേഷം അവസാന തീരുമാനം എടുക്കും.
ശ്രീരാമൻ ജനിച്ചത് രാമനവമി ദിവസം പന്ത്രണ്ടു മണിക്കാണ്. അതു കൊണ്ട് 12 മണിക്ക് ശ്രീരാമൻ ജനിച്ച സമയം സൂര്യകിരണം അഞ്ചോ പത്തോ മിനിറ്റ് വിഗ്രഹത്തിൽ പ്രതിഫലിപ്പിക്കാനാണ് നോക്കുന്നത്. സിഎസ്ഐആറിനെയാണ് ഈ ദൗത്യം ഏല്പിച്ചിരിക്കുന്നത്. തൊണ്ണൂറ് വർഷത്തേക്ക് മറ്റു മാറ്റങ്ങളില്ലാതെ ഇതു നടക്കാൻ കംപ്യൂട്ടറിൽ പ്രോഗ്രാം ചെയ്യും. 12 മണിക്ക് ഒരു ലക്ഷം പേർ വരെ ഇതിനായി എത്തും എന്ന അപകടം കൂടി ഇതിനുണ്ട്. അത് ഒഴിവാക്കാൻ അയോധ്യയിലാകെ നൂറു സ്ക്രീനുകൾ വച്ച് ഇത് കാണിക്കാനുള്ള സൗകര്യം ഒരുക്കും.
ആയോധ്യയിൽ ഉയരുന്നത് 171 അടി ഉയരമുള്ള വിശാലമായ രാമക്ഷേത്രമാണ്. ലോക തീർത്ഥാടക ഭൂപടത്തിൽ പ്രമുഖസ്ഥാനം രാമക്ഷേത്രം വരുമ്പോൾ അയോധ്യയ്ക്ക് ഉണ്ടാകും. രാമനവമി ഉൾപ്പടെ പ്രധാന ദിനങ്ങളിൽ വരുന്ന സന്ദർശകരെ എങ്ങനെ ഉൾക്കൊള്ളാൻ കഴിയും എന്നതാണ് ക്ഷേത്ര നിർമ്മാണ സമിതി നേരിടുന്ന ഒരു വെല്ലുവിളി.
രാമനവമി ആഘോഷങ്ങൾക്ക് രാംലല്ല ഇപ്പോൾ സൂക്ഷിച്ചിരിക്കുന്ന താല്ക്കാലിക ക്ഷേത്രത്തിൽ എത്തിയത് 1 ലക്ഷത്തിലധികം ഭക്തരാണ്. ഇതിൻറെ മൂന്നിരട്ടി ആളുകളെയെങ്കിലും ക്ഷേത്രം പൂർത്തിയാകുമ്പോൾ പ്രതീക്ഷിക്കണം. അയോധ്യ ക്ഷേത്രത്തിലേക്കുള്ള പാതകൾ അതിനു മുമ്പ് വീതി കൂട്ടണം. എന്തായാലും അയോധ്യയിലേക്കുള്ള തീർത്ഥാടകരുടെ എണ്ണം അടുത്ത വർഷം ഡിസംബറോടെ കുതിച്ചുയരും. സമയബന്ധിതമായി ഇതിനുള്ള തയ്യാറെടുപ്പ് പൂർത്തിയാക്കും എന്ന ഉറപ്പാണ് നിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര നൽകുന്നത്.