മാമ്പഴത്തിന്റെ കാലമെത്തി. ഇപ്പോള്‍ വിപണിയില്‍ ആകെ മാമ്പഴത്തിന്റെ നിറവും ഗന്ധവുമാണ് നിറയുന്നത്. സീസണില്‍ ലഭിക്കുന്ന മാമ്പഴങ്ങളെല്ലാം തന്നെ ഏറെ രുചികരമാണ്. വിലയും കുറഞ്ഞുവരുന്ന സമയമാണിത്. ഗ്രാമപ്രദേശങ്ങളിലാണെങ്കില്‍ വില കൊടുത്ത് മാമ്പഴം വാങ്ങേണ്ട കാര്യമേയില്ല. സീസണാകുമ്പോള്‍ രുചിയും ഗുണവും ചോരാതെ ‘ഫ്രഷ്’ ആയി വീട്ടുപറമ്പില്‍ നിന്ന് തന്നെ മാമ്പഴം കിട്ടും.
പഴുത്ത മാമ്പഴം അങ്ങനെ തന്നെ കഴിക്കാനോ, പുളിശ്ശേരി വയ്ക്കാനോ, ജ്യൂസോ, ഷെയ്‌ക്കോ, ലസ്സിയോ തയ്യാറാക്കാനോ എല്ലാം നമുക്കിഷ്ടമാണ് അല്ലേ? എന്നാല്‍ വണ്ണമുള്ളവര്‍ക്ക് എല്ലായ്‌പോഴും ഡയറ്റുമായി ബന്ധപ്പെട്ടുണ്ടാകുന്ന ആശങ്ക മാമ്പഴത്തിന്റെ കാര്യത്തിലും കാണാറുണ്ട്.മാമ്പഴം അധികം കഴിച്ചാല്‍ വണ്ണം കൂടുമോ എന്ന പേടി. അതുപോലെ തന്നെ വ്യാപകമാണ് മാമ്പഴം വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് യോജിച്ച ഭക്ഷണമാണെന്ന വാദവും. ഈ രണ്ട് വാദത്തിലും യഥാര്‍ത്ഥത്തില്‍ വലിയൊരു പരിധി വരെ കഴമ്പില്ലെന്നതാണ് സത്യം.
മാമ്പഴത്തിന് പല തരത്തിലുള്ള ആരോഗ്യഗുണങ്ങളുണ്ട്. പ്രധാനമായും ഇതിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ സുഗമമാക്കുന്നു എന്നതാണ് വലിയൊരു ഗുണം. അതുപോലെ തന്നെ ചര്‍മ്മം മെച്ചപ്പെടുത്താനും മാമ്പഴം കഴിക്കുന്നത് ഗുണകരമാണ്. എന്നാല്‍ അമിതമായ അളവില്‍ മാമ്പഴം കഴിക്കുന്നത് തിരിച്ച് ദഹനപ്രശ്‌നങ്ങള്‍ അടക്കമുള്ള ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചുകൊണ്ട് മാമ്പഴം കഴിക്കുകയാണെങ്കില്‍ അത് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്കും ഉപകാരപ്രദമായിരിക്കും അത്തരത്തിലൂള്ള മൂന്ന് ടിപ്‌സ് ആണിനി പങ്കുവയ്ക്കുന്നത്. നേരത്തേ സൂചിപ്പിച്ചത് പോലെ മിതമായ അളവില്‍ മാമ്പഴം കഴിക്കാം. ഇത് വണ്ണം കുറയ്ക്കാനുള്ള ശ്രമങ്ങളെ ആക്കപ്പെടുത്തും. പ്രത്യേകിച്ച് ദഹനപ്രവര്‍ത്തനങ്ങള്‍ സുഗമമാക്കുന്നതിലൂടെയാണ് ഇത് എളുപ്പമാകുന്നത്. മിക്കവരും ഭക്ഷണത്തിനൊപ്പമോ, ഭക്ഷണത്തിന് ശേഷമോ മാമ്പഴം കഴിക്കുന്നത് കാണാറുണ്ട്. ഇത് കലോറിയുടെ അളവ് കൂട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ട് മാമ്പഴം തനിയെ ഒരു സ്‌നാക്ക് എന്ന രീതിയില്‍ കഴിക്കുന്നതാണ് ഉചിതം. ഉന്മേഷം നല്‍കാന്‍ കൂടി കഴിവുള്ള ഫലമായതിനാല്‍ തന്നെ ഇത്തരത്തില്‍ ഇടനേരത്ത് സ്‌നാക്ക് ആയി മാമ്പഴം കഴിക്കുന്നത് ഉപകാരപ്രദമാണ്. മാമ്പഴം ജ്യൂസ് ആക്കുമ്പോള്‍ അതിലുള്ള ഫൈബര്‍ അളവ് തീരെ കുറഞ്ഞുപോകുന്നുണ്ട്. അത്തരത്തില്‍ ഫൈബര്‍ അളവ് കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ മാമ്പഴം കഴിക്കുന്നത് കൊണ്ട് വണ്ണം കുറയ്ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. അതുകൊണ്ട് ഡയറ്റും വര്‍ക്കൗട്ടും ചെയ്യുന്നവര്‍ പരമാവധി മാമ്പഴം അങ്ങനെ തന്നെ കഴിക്കാന്‍ ശ്രമിക്കുക.