തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ സംഭവത്തില്‍ പിസി ജോര്‍ജിനെതിരെ കേസെടുത്ത് കസ്റ്റഡിയിലെടുത്ത പോലീസ് നടപടിക്കെതിരെ ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷനും ആര്‍എസ്എസ് നേതാവുമായ കുമ്മനം രാജശേഖരന്‍. എതിരഭിപ്രായം പറയുന്നവരുടെ നാവരിയാന്‍ ശ്രമിക്കുകയാണ് എല്‍ഡിഎഫ് സര്‍ക്കാരെന്ന് കുമ്മനം പ്രതികരിച്ചു. എന്ത് മതവിദ്വേഷ പ്രസ്താവനയാണ് പിസി ജോര്‍ജ് നടത്തിയത്, അദ്ദേഹം പറഞ്ഞത് യാഥാര്‍ഥ്യമാണ്, അത് വിശദീകരിക്കാനുള്ള അവകാശം ജോര്‍ജിനുണ്ട്. ഒരു വ്യക്തിക്ക് തന്‍റെ അഭിപ്രായം പറയാനുള്ള അവകാശമുണ്ടെന്നും കുമ്മനം പറയുന്നു.
‘പിസി ജോര്‍ജ് ചില കാര്യങ്ങള്‍ തന്‍റേടത്തോടെ വെട്ടിത്തുറന്ന് പറഞ്ഞു എന്നതുകൊണ്ടാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്. എതിര്‍ സ്വരങ്ങളെ ഇല്ലായ്മ ചെയ്യാനും എതിര്‍ അഭിപ്രായം പറയുന്നവരുടെ നാവരിയാനുമുള്ള ശ്രമങ്ങളാണ് നടക്കുന്നത്. കേരളത്തില്‍ ലൗ ജിഹാദും ഹലാലുമെല്ലാം ചര്‍ച്ച ചെയ്യുന്ന വിഷയങ്ങളാണെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്ന തരത്തിലുമായിരുന്നു പിസി ജോര്‍ജ് നടത്തിയ പ്രസ്താവന.