മലപ്പുറം : വിദ്വേഷപ്രസംഗം നടത്തിയതിന് മുന്‍ എംഎല്‍എ പിസി ജോര്‍ജിനെതിരെ കേസെടുത്ത പൊലീസ് നടപടിയെ അഭിനന്ദിച്ച് മുന്‍ മന്ത്രി കെടി ജലീല്‍ എംഎല്‍എ. ഇത്തരം തോന്നിവാസങ്ങള്‍ പുലമ്പുന്നവര്‍ക്കുള്ള മുന്നറിയിപ്പാണ് പൊലീസിന്‍റെ നടപടിയെന്നും പിണറായി വേറെ ലെവലാണെന്നും കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യവെയാണ് പിസി ജോര്‍ജ് വിദ്വേഷ പ്രസ്താവന നടത്തിയത്. കഴിഞ്ഞ 29ന് നടത്തിയ പരാമര്‍ശത്തില്‍ കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ കേസെടുത്ത പൊലീസ് ഇന്ന് വെളുപ്പിന് കോട്ടയത്തെത്തി ജോര്‍ജിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
വിദ്വേഷ പ്രസംഗം നടത്തിയതിന്‍റെ വീഡിയോ വയറലായി 24 മണിക്കൂർ കഴിയുന്നതിന് മുമ്പ് മുൻ യു.ഡി.എഫ് സർക്കാര്‍റെ കാലത്തെ ഗവ: ചീഫ് വിപ്പ് പി.സി ജോർജ്ജിനെ വെളുപ്പാൻ കാലത്ത് താമസ സ്ഥലത്തു നിന്ന് പോലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് സ്വമേധയാ എടുത്ത കേസിലാണ് നടപടി. ഇതൊരു മുന്നറിയിപ്പാണ്, ഇത്തരം തോന്നിവാസങ്ങൾ പുലമ്പുന്നവർക്ക്- കെടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഓരോരുത്തർക്കും അവനവന്‍റേയും അവരുടെ വിശ്വാസത്തിന്‍റേയും മഹത്വങ്ങൾ പറയാം. അത് സഹോദര മതസ്ഥരെ അപമാനിച്ച് കൊണ്ടും ഇകഴ്ത്തിക്കൊണ്ടും ആകാതെ നോക്കാൻ എല്ലാവരും ജാഗ്രത പുലർത്തണം. വർഗീയ പ്രചരണത്തിൽ കേരളത്തെ ഉത്തരേന്ത്യയാക്കാനല്ല, ഉത്തരേന്ത്യയെ കേരളമാക്കാനാണ് ശ്രമിക്കേണ്ടത്. എല്ലാവരിൽ നിന്നും നൻമയെ നമുക്ക് പകർത്താം. തിന്മയെ നിരാകരിക്കുകയും ചെയ്യാം. പിണറായി വേറെ ലെവലാണ്. കേരളവും- ജലീല്‍ പറയുന്നു.