തിരുവനന്തപുരം : വിദ്വേഷ പ്രസംഗം നടത്തിയ പി സി ജോർജിന്റെ അറസ്റ്റിനെ ചോദ്യം ചെയ്ത് ബി ജെ പി രംഗത്ത്. രാജ്യദ്രോഹ മുദ്രാവാക്യം വിളിക്കാൻ സ്വാതന്ത്ര്യം ഉണ്ടെന്ന് പറയുന്നവരാണ് സി പി എം എന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. പി സി ജോർജ് ഒരു ക്രിമിനൽ അല്ല. ജോർജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. വെട്ടി നുറുക്കാൻ മുദ്രാവാക്യം വിളിക്കുന്നവരാണ് സി പി എമ്മുകാർ. പാലക്കാട് കൊലപാതക കേസിൽ പ്രതികളെ പിടിക്കാൻ ശ്രമിക്കാത്ത പൊലീസ് പി സി ജോർജിനെ പിടിക്കാൻ തിടുക്കം കാണിച്ചു. യൂത്ത് ലീഗ് പരാതി കൊടുത്താൽ ഉടൻ നടപടി എടുക്കുന്നവരായി മാറി പൊലീസ് എന്നും കേന്ദ്രമന്ത്രി വി.മുരളീധരൻ പറഞ്ഞു. ഈരാറ്റുപേട്ടയിലെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുത്ത് എ ആർ ക്യാമ്പിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയ പി സി ജോർജിനെ കാണാൻ കേന്ദ്രമന്ത്രിയെ അനുവദിച്ചില്ല. ഇതിൽ ക്ഷോഭിച്ചാണ് കേന്ദ്രമന്ത്രി വി മുരളീധരൻ മടങ്ങിയത്.
പി സി ജോർജിനെ അറസ്റ്റ് ചെയ്തത് അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പറഞ്ഞു. തികച്ചും വിവേചനപരമായ നടപടിയാണിത്. ഇരട്ടനീതിയാണ് സംസ്ഥാനത്തുള്ളത്.ഇതിനേക്കാൾ ഭീകരമായ പ്രസ്ഥാവന നടത്തിയ ആളുകളെ അറസ്റ്റ് ചെയ്തിട്ടില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
കേരളം തീവ്രവാദികളുടെ ഹബ് ആയി മാാറിയെന്ന് ഹിന്ദു ഐക്യവേദി നേതാവ് കെ പി ശശികല.പി സി ജോർജിന്റെ അറസ്റ്റിനെ ശക്തമായി അപലപ്പിക്കുന്നു. പി സി ജോർജിന് പൂർണ പിന്തുണയുണ്ടെന്നും കെ പി ശശികല പറഞ്ഞു. പി സി ജോർജിന്റെ അറസ്റ്റ് ചില സത്യങ്ങൾ പറഞ്ഞതിന് ആണ്.സമൂഹത്തിന്റെ ആശങ്കകൾ പങ്കുവയ്ക്കുക എന്ന ഉത്തരവാദിത്വം നേതാക്കൾക്ക് ഉണ്ട് . ആശങ്കകൾ ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് കാര്യങ്ങൾ പറയുന്നത് . വാർത്തകൾ അറസ്റ്റിലേയ്ക്ക് ചുരുക്കി ആരോപണങ്ങൾ തേച്ചുമാച്ചുകളയാനാണ് സർക്കാർ ശ്രമമെന്നും കെ പി ശശികല പറഞ്ഞു.
അതേസമയം വർഗീയ വിദേഷം ഉണ്ടാക്കുന്ന പ്രസംഗം നടത്തിയ പി സി ജോർജിനെ അറസ്റ്റ് ചെയ്ത നടപടി സ്വീകാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. 24 മണിക്കൂറിന് ശേഷമാണ് പോലീസ് നടപടി ഉണ്ടായത്. കസ്റ്റഡിയിൽ എടുത്ത ആളെ സ്വന്തം വാഹനത്തിൽ കൊണ്ട് വരുന്നു. സംഘപരിവാർ നേതാക്കൾക്ക് പിന്തുണ അറിയിക്കാൻ അവസരം ഒരുക്കിയാണ് യാത്ര നടത്തിയത്. ഇത് ദൗർഭാഗ്യകരം. പി സി ജോർജ് ഒരുപകരണം മാത്രം. പിന്നിൽ സംഘ പരിവാർ നേതാക്കൾ ആണ്. ഹിന്ദുവിന്റെ പേരിൽ സംഘപരിവാർ നടത്തുന്നത് ഹിന്ദു വിരുദ്ധ നിലപാടുകൾ ആണെന്നും വി.ഡി.സതീശൻ പറഞ്ഞു. സിപിഎമ്മിനും മുഖ്യമന്ത്രിക്കും വർഗീയ പ്രീണന നയം ആണ്. അതിന്റെ ഭവിഷ്യത്താണ് ഇപ്പോൾ കാണുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തിന് ഭരണഘടനയിൽ പരിമിതികൾ ഉണ്ട്. വിദ്വേഷവും വെറുപ്പും പ്രചരിപ്പിക്കുന്നതാണോ അഭിപ്രായ സ്വാതന്ത്ര്യം?പി സി ജോർജ് മാത്രമല്ല പ്രതി . പിന്നിൽ ഗൂഢാലോചന ഉണ്ട്. പി സി ജോർജിനെക്കൊണ്ട് വിദ്വേഷ പരാമർശം നടത്താൻ ഗൂഢാലോചന നടത്തിയ സംഘപരിവാർ നേതാക്കൾക്കെതിരെയും കേസ് എടുക്കണം എന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു.
വർഗീയത വളർത്തുന്ന ഒരു പരാമർശത്തേയും അംഗീകരിക്കാൻ ആകില്ലെന്ന് മുസ്ലിം ലീഗ നേതാവ് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സമൂഹത്തിൽ കലാപം ഉണ്ടാക്കാനാണ് ഇത്തരക്കാരുടെ ശ്രമമമെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇതിനിടെ പി സി ജോർജിനെ അനുകൂലിച്ചും എതിർത്തും സംഘടനകൾ രംഗത്തെത്തി. പി സി ജോർിനെ തിരുവനന്തപുരത്തേക്ക് കൊണ്ടുവരും വഴി വട്ടപ്പാറ മണ്ഡപത്തിന് സമീപം അനുകൂല മുദ്രാവാക്യവുമായി ബി ജെ പി പ്രവർത്തകർ വാഹനം തടഞ്ഞു. എ ആർ ക്യാമ്പിലെത്തിച്ച പി സി ജോർജുനെതിരെ ഡി വൈ എഫ് ഐയും രംഗത്തെത്തി. ഡി വൈ എഫ് ഐ പ്രവർത്തകരും എ ആർ ക്യാമ്പിലെത്തിയ കേന്ദ്ര മന്ത്രി വി.മുരളഈധരനും നേർക്കു നേർ തർക്കിക്കുന്ന സാഹചര്യവും ഉണ്ടായി.