തിരുവനന്തപുരം : ഏറെ നാളായി വിദ്വേഷ പ്രസംഗം നടത്തുന്ന പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ധമനസോടെയാണ് നടപടി സ്വീകരിച്ചതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. 29 ന് നടന്ന വിദ്വേഷ പ്രസംഗത്തില്‍ കേസെടുത്തത് മൂന്ന് ദിവസം കഴിഞ്ഞ് മാത്രമാണെന്ന് കെ സുധാകരന്‍ വിമര്‍ശിച്ചു.
കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടുമോ എന്ന ഭയത്താല്‍ ജോര്‍ജിനെതിരെ നടപടി എടുക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായി. ബിജെപിയെ പിണക്കാതിരിക്കാനുള്ള എല്ലാ കരുതലും സ്വീകരിച്ചുകൊണ്ടാണ് ജോര്‍ജിനെ സ്വന്തം വാഹനത്തില്‍ പൊലീസ് സംരക്ഷണത്തോടെ ഈരാറ്റുപേട്ടയില്‍ നിന്ന് തിരുവവന്തപുരത്തേക്ക് കൊണ്ടുവന്നത്. പിണറായി വിജയന്റെയും ആര്‍എസ്എസിന്റെയും കണ്ണിലുണ്ണിയാകാനാണ് പി സി ജോര്‍ജ് കുറെക്കാലമായി ശ്രമിക്കുന്നത്. അറസ്റ്റിലായ ജോര്‍ജിനെ അഭിവാദ്യം ചെയ്യാന്‍ ബിജെപി നേതാക്കളും അണികളും കൂട്ടത്തോടെ ഇറങ്ങിയെന്നും സുധാകരന്‍ പറഞ്ഞു.
അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.