തിരുവനന്തപുരം : പി സി ജോർജ് ചോദിച്ച് വാങ്ങിയതാണ് അറസ്റ്റെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പി സി ജോർജ് നടത്തിയ പ്രസംഗം പൊതുസമൂഹം അവജ്ഞയോടെ തളളിക്കളയുമെന്നും രമേശ് ചെന്നിത്തലപ്രസ്താവനയില്‍ പറഞ്ഞു. മതമൈത്രിക്ക് പേര് കേട്ട നാടാണ് കേരളം. പരസ്പര സ്നേഹത്തോടെയും പരസ്പര വിശ്വാസത്തോടെയും പരസ്പര സഹകരണത്തോടെയുമാണ് എല്ലാ മത വിഭാഗങ്ങളിൽപ്പെട്ടവരും ഇവിടെ കഴിയുന്നത്. ഇവിടം വർഗീയതയ്ക്ക് വളക്കൂറുള്ള മണ്ണാകാത്തതും അതുകൊണ്ടാണ്. അങ്ങനെയുള്ള കേരളത്തിൽ മതസ്പർദ്ധയുടെ വിത്തിടുന്ന തരത്തിലുള്ള ഒരു പ്രസംഗം പി സി ജോർജിനെപ്പോലെ രാഷ്ട്രീയ പാരമ്പര്യമുള്ള ഒരാളിൽ നിന്ന് ഒരിക്കലും ഉണ്ടാകരുതായിരുന്നു. സംഘപരിവാർ വർഗ്ഗീയശക്തികൾക്ക് പ്രോത്സാഹനം പകരാനേ ഇത്തരം പ്രസംഗങ്ങൾ ഉപകരിക്കൂ. പി സി ജോർജ് അവരുടെ കയ്യിലെ ആയുധമായത് ഖേദകരമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, മതവിദ്വേഷ പ്രസംഗം നടത്തിയെന്ന പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്ത പി സി ജോര്‍ജിന് ഉപാധികളോടെ ജാമ്യം ലഭിച്ചു. മതവിദ്വേഷ പരാമർശങ്ങൾ നടത്തരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയ ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണ ഉദ്യോഗസ്ഥന്‍ ആവശ്യപ്പെട്ടാല്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. വഞ്ചിയൂര്‍ ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം നല്‍കിയത്. പി സി ജോര്‍ജിന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ വാദിച്ചെങ്കിലും ഉപാധികളോടെ ജാമ്യം അനുവദിക്കുകയായിരുന്നു. ഇന്ന് രാവിലെയാണ് കേസില്‍ പി സി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. പുലർച്ചെ ഇരാറ്റുപേട്ടയിലെ വീട്ടിലെത്തിയ തിരുവനന്തപുരം ഫോർട്ട് പൊലീസ് പി സി ജോർജ്ജിനെ കസ്റ്റഡിയിലെടുത്ത ശേഷം തിരുവനന്തപുരം എആർ ക്യാമ്പിലെത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.