വര്‍ഷങ്ങളുടെ ഇടവേളയ്ക്കു ശേഷം താരസംഘടനയായ ‘അമ്മ’യുടെ വേദിയില്‍ സുരേഷ് ഗോപി. ‘അമ്മ’യിലെ അംഗങ്ങളുടെ ഒത്തുചേരലും ഒപ്പം ആരോഗ്യ പരിശോധനാ ക്യാമ്പും ചേര്‍ന്ന ഉണര്‍വ്വ് എന്ന പേരിട്ട പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനാണ് അദ്ദേഹം എത്തിയത്. പതിറ്റാണ്ടുകള്‍ക്കു ശേഷം ‘അമ്മ’യുടെ ഒരു ഔദ്യോഗിക വേദിയില്‍ എത്തിയ സുരേഷ് ഗോപിയെ പൊന്നാടയണിയിച്ചാണ് സഹപ്രവര്‍ത്തകര്‍ വരവേറ്റത്. സംഘടനയുടെ തുടക്കകാലത്ത് ഗള്‍ഫില്‍ അവതരിപ്പിച്ച ഒരു പരിപാടിക്കു പിന്നാലെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് ‘അമ്മ’യുടെപരിപാടികളില്‍ നിന്ന് സുരേഷ് ഗോപി വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. ‘അമ്മ’ വേദിയില്‍ കാണാത്തത് എന്തുകൊണ്ടാണെന്നും സംഘടനയില്‍ നിന്ന് എന്തുകൊണ്ട് മാറിനില്‍ക്കുന്നുവെന്നുമുള്ള ചോദ്യം അക്കാലം മുതല്‍ സുരേഷ് ഗോപിയെ തേടിയെത്താറുണ്ട്. അതിന് അദ്ദേഹം മറുപടിയും നല്‍കിയിട്ടുണ്ട്.
അമ്മ’യുടെ നേതൃത്വത്തില്‍ 1997ല്‍ അറേബ്യന്‍ ഡ്രീംസ് എന്ന പേരില്‍ നടന്ന പരിപാടിക്കു പിന്നാലെയാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും വിട്ടുനില്‍ക്കാന്‍ തുടങ്ങിയത്. നാട്ടില്‍ തിരിച്ചെത്തിയപ്പോള്‍ തിരുവനന്തപുരം കാന്‍സര്‍ സെന്‍റര്‍, കണ്ണൂര്‍ കളക്ടര്‍ക്ക് അംഗന്‍വാടികള്‍ക്ക് കൊടുക്കാന്‍, പാലക്കാട് കളക്ടറുടെ ധനശേഖരണ പരിപാടിക്കുമായി ഇതേ ഷോ അഞ്ച് വേദികളില്‍ അവതരിപ്പിച്ചു. ഷോ നടത്തുന്നയാള്‍ അഞ്ച് ലക്ഷം ‘അമ്മ’യിലേക്ക് തരുമെന്ന് സുരേഷ് ഗോപിയാണ് സംഘടനയെ അറിയിച്ചത്. പ്രതിഫലം വാങ്ങാതെയാണ് പല താരങ്ങളും ഈ ഷോയില്‍ വന്നത്. എന്നാല്‍ പണം നല്‍കാമെന്ന് ഏറ്റയാള്‍ നല്‍കിയില്ല. ഇത് ‘അമ്മ’യുടെ യോഗത്തില്‍ ചര്‍ച്ചയ്ക്കും വാക്കേറ്റത്തിനും ഇടയാക്കി. രണ്ട് ലക്ഷം പിഴയടക്കാന്‍ സുരേഷ് ഗോപിക്ക് നോട്ടീസ് ലഭിച്ചു. താന്‍ ശിക്ഷിക്കപ്പെട്ടവനാണെന്ന് യോഗത്തില്‍ പറഞ്ഞ സുരേഷ് ഗോപി സംഘടനയില്‍ നിന്നും മാറിനില്‍ക്കാനും തീരുമാനിക്കുകയായിരുന്നു. അതേസമയം ഏത് പ്രധാന തീരുമാനം എടുക്കുമ്പോഴും തന്നോടും ചര്‍ച്ച ചെയ്യാറുണ്ടെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്.