കോഴിക്കോട്: ടെൻഡർ നടപടിക്രമങ്ങൾ വൈകുകയും അസംസ്കൃത വസ്തുക്കളുടെ വില കൂടുകയും ചെയ്തതോടെ സർക്കാർ ആശുപത്രികളിലേക്കുള്ള മരുന്നു സംഭരണത്തിന് കേരള മെഡിക്കൽ സർവീസസ് കോർപറേഷൻ 25 കോടി രൂപയെങ്കിലും അധികം മുടക്കേണ്ടി വരും. ജീവൻരക്ഷാ മരുന്നുകൾ, ആന്റിബയോട്ടിക്സ്, ഐവി ഫ്ലൂയിഡ് എന്നിവ ഉൾപ്പെടെയുള്ളവയ്ക്ക് മുൻവർഷങ്ങളെ അപേക്ഷിച്ച് 25% വില വർധിച്ചിട്ടുണ്ട്. ഈയാഴ്ച ചേരുന്ന ബോർഡ് യോഗത്തിൽ പുതിയ ടെൻഡർ വില അംഗീകരിക്കുമെങ്കിലും മരുന്നുവിതരണം തുടങ്ങാൻ പിന്നെയും ഒരു മാസമെങ്കിലും വൈകും. അതുവരെ ക്ഷാമം പരിഹരിക്കാൻ ലോക്കൽ പർച്ചേസിനു വേണ്ടി വേറെയും തുക ചെലവഴിക്കേണ്ടി വരും.
ഫെബ്രുവരി പകുതിയോടെ തുടങ്ങി, മാർച്ച് 31നു മുൻപ് പൂർത്തിയാക്കേണ്ട ടെൻഡർ നടപടിക്രമങ്ങളാണ് ഇപ്പോഴും ഇഴഞ്ഞുനീങ്ങുന്നത്. ഏപ്രിൽ ആദ്യ വാരത്തിൽത്തന്നെ ആദ്യപാദ ഓർഡർ നൽകുകയും കമ്പനികൾ വിതരണം ആരംഭിക്കുകയും ചെയ്യുമായിരുന്നു. 2 ആഴ്ചയ്ക്കുള്ള മരുന്നു മാത്രമാണ് ഇപ്പോൾ സ്റ്റോക്കുള്ളത്.നടപടിക്രമങ്ങൾ അടിയന്തരമായി പൂർത്തിയാക്കിയാലും ഈ മാസം വിതരണം ആരംഭിക്കാൻ സാധിക്കുമെന്ന് കോർപറേഷൻ അധികൃതർക്കുതന്നെ പ്രതീക്ഷയില്ല. ഇതിനിടെ എഴുപതോളം മരുന്നുകൾ വിതരണം ചെയ്യാൻ അർഹത നേടിയിട്ടുള്ള കമ്പനിയെ ഛത്തീസ്ഗഡിൽ കഴിഞ്ഞ 12ന് വിലക്കുപട്ടികയിൽപെടുത്തിയതിന്റെ വിവരങ്ങളും കോർപറേഷനു ലഭിച്ചു.
പരമാവധി വിൽപനവില കേന്ദ്ര സർക്കാർ വർധിപ്പിച്ചത്, ഗതാഗതച്ചെലവിലെ വർധന, പെട്രോളിയം ഉൽപന്നങ്ങളുടെ വിലവർധന എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കമ്പനികൾ മരുന്നുവില വർധിപ്പിച്ചിരിക്കുന്നത്. എന്നാൽ ടെൻഡറിൽ പങ്കെടുക്കാൻ കഴിഞ്ഞ 3 വർഷത്തിനിടെ 50 കോടിയുടെ വിറ്റുവരവ് വേണം എന്ന ഉയർന്ന നിബന്ധന വച്ചത് കമ്പനികളുടെ പ്രാതിനിധ്യം കുറച്ചു എന്ന ആരോപണമുണ്ട്. സർക്കാർ ആശുപത്രികളിൽ മരുന്നുക്ഷാമം ഉണ്ടാകുമെന്നതിനാൽ കൂടിയ വിലയ്ക്കു മരുന്നു വാങ്ങുന്നതിന് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ അംഗീകാരം പെട്ടെന്നു നേടിയെടുക്കാമെന്ന തന്ത്രവും പിന്നിലുണ്ട്.ആശുപത്രികളിൽ അവശ്യം വേണ്ട ഐവി ഫ്ലൂയിഡിന് 50 ശതമാനത്തോളം വിലവർധന വന്നിട്ടുണ്ട്. ലാഭകരമല്ലാത്തതിനാൽ പല കമ്പനികളും ഐവി ഫ്ലൂയിഡ് ഉൽപാദനം നിർത്തിയതിനാൽ ഇപ്പോൾ ക്ഷാമം നേരിടുന്നുണ്ടെന്നാണു കോർപറേഷന്റെ സ്ഥിരീകരണം.
കാരുണ്യയിൽ വിലപേശൽ നിർത്തി
കാരുണ്യ കമ്യൂണിറ്റി ഫാർമസികൾ വഴി വിൽപന നടത്തുന്ന മരുന്നുകളുടെ സംഭരണത്തിന് ‘വിലപേശൽ’ നടപടികൾ ഒഴിവാക്കി കോർപറേഷൻ. മരുന്നു വിതരണം ചെയ്യാൻ താൽപര്യമുള്ള കമ്പനികൾ കോർപറേഷന് ക്വട്ടേഷൻ നൽകിയാൽ മതിയെന്നാണ് നിർദേശം. ഇതു പരിശോധിച്ച്, കുറഞ്ഞ വില ക്വോട്ട് ചെയ്യുന്ന കമ്പനിക്ക് ഓർഡർ നൽകും. മുൻപ് വിലപേശി വാങ്ങിയിരുന്നതിൽ വൻ ഒത്തുകളികൾ നടന്നിരുന്നു എന്ന സംശയത്തെത്തുടർന്നാണ് നടപടി.
മരുന്ന് പഴയ വില പുതിയ വില
അട്രോഫിൻ സൾഫേറ്റ് 40.88 47.04
സിപ്രോഫ്ലൊക്സാസിൻ 3.54 9.34
റിങ്ങേഴ്സ് ലാക്ടേറ്റ് 15.68 20.38
സോഡിയം ക്ലോറൈഡ് &
ഡെക്സ്പ്രോസ് ഇൻജക്‌ഷൻ 15.00 19.32
മെട്രോനിഡാസോൾ 8.24 9.46