ദില്ലി : പ്രധാനമന്ത്രിയുടെ യൂറോപ്പ് സന്ദർശനത്തിന് ഇന്ന് തുടക്കം. ബർലിനിൽ എത്തുന്ന പ്രധാനമന്ത്രി ജർമ്മൻ ചാൻസലർ ഒലാഫ് സ്കോൾഡുമായി ചർച്ച നടത്തും.ആറാമത് ഇന്ത്യ ജർമ്മൻ മന്ത്രിതല യോഗത്തിന് ഇരുവരും അധ്യക്ഷത വഹിക്കും. നാളെ കോപ്പൻഹേഗനിലും മറ്റന്നാൾ പാരീസിലും പ്രധാനമന്ത്രിയെത്തും. സന്ദർശനത്തിൽ റഷ്യ – യുക്രെയ്ൻ യുദ്ധം പ്രധാന ചർച്ച വിഷയമാകും.പ്രവാസി മലയാളികളെയും, വ്യവസായ പ്രമുഖരെയും മൂന്ന് ദിവസത്തെ സന്ദർശനത്തിനിടെ പ്രധാന മന്ത്രി കാണും.
ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത്(PM Modi). മേയ് രണ്ടു മുതൽ നാലു വരെയായിരിക്കും സന്ദർശനം. പ്രധാനമന്ത്രിയുടെ ഈ വർഷത്തെ ആദ്യ വിദേശ സന്ദർശനമാണിതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ആദ്യം ജർമനിയും പിന്നീട് ഡെന്മാർക്കും സന്ദർശിക്കും. ഡെന്മാർക്കിൽ നടക്കുന്ന രണ്ടാമത്തെ ഇന്ത്യ-നോർഡിക് ഉച്ചകോടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. നാലിന് മടക്കയാത്രയിൽ ഫ്രാൻസിൽ അധികാരം നിലനിർത്തിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തും. ജർമനിയിൽ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും.
ബെർലിനിലെത്തുന്ന നരേന്ദ്ര മോദി ഇന്ത്യ-ജർമ്മനി ഇന്റർ ഗവൺമെന്റൽ കൺസൾട്ടേഷൻസിന്റെ (ഐജിസി) ആറാമത് എഡിഷന്റെ ഭാഗമായി ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസുമായി ചർച്ചകൾ നടത്തും. ജർമൻ മന്ത്രിമാരും ചർച്ചയിൽ പങ്കെടുക്കും. ചാൻസലർ ഷോൾസുമായുള്ള പ്രധാനമന്ത്രിയുടെ ആദ്യ കൂടിക്കാഴ്ചയാണിത്.
ഡെന്മാർക്ക് പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായും പ്രധാനമന്ത്രി ചർച്ച നടത്തും. ഇന്ത്യ-ഡെൻമാർക്ക് ബിസിനസ് ഫോറത്തിൽ പങ്കെടുക്കുകയും ഡെന്മാർക്കിലെ ഇന്ത്യൻ പൗരന്മാരുമായി സംവദിക്കുകയും ചെയ്യും. ഇന്ത്യ-നോർഡിക് ഉച്ചകോടിയിൽ പ്രധാനമന്ത്രി മറ്റ് നോർഡിക് നേതാക്കളുമായും ആശയവിനിമയം നടത്തും. ഐസ്‌ലൻഡ് പ്രധാനമന്ത്രി കാട്രിൻ ജേക്കബ്സ്‌ഡോട്ടിർ, നോർവേയുടെ പ്രധാനമന്ത്രി ജോനാസ് ഗഹർ സ്റ്റോർ, സ്വീഡന്റെ പ്രധാനമന്ത്രി മഗ്‌ദലീന ആൻഡേഴ്‌സൺ, ഫിൻലാന്റിലെ പ്രധാനമന്ത്രി സന്ന മാരിൻ എന്നിവരുമായി ചർച്ച നടത്തും.