ദില്ലി : മരട് ഫ്ലാറ്റ് കേസ് സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എൽ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാരം നൽകുന്നതുമായി ബന്ധപ്പെട്ട നടപടികളുടെ പുരോഗതി കോടതി പരിശോധിക്കും. മുഴുവൻ തുകയും കെട്ടിട നിർമാതാക്കളിൽ നിന്ന് ഈടാക്കി കിട്ടണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കോടതിക്ക് മുന്നിലുണ്ട്. ഫ്ലാറ്റുടമകൾക്ക് നഷ്ടപരിഹാര കുടിശിക കൊടുത്തുതീർക്കാൻ ഫ്ലാറ്റ് നിർമാതാക്കൾക്ക് കൂടുതൽ സമയം നേരത്തെ സുപ്രിംകോടതി അനുവദിച്ചിരുന്നു.
തീരദേശപരിപാലന നിയമം ലംഘിച്ച് നിർമിച്ച മരടിലെ ഫ്‌ളാറ്റുകൾ സുപ്രിം കോടതി വിധിയുടെ അടിസ്ഥാനത്തിൽ 2020 ജനുവരി 11, 12 തിയതികളിലായാണ് പൊളിച്ചു നീക്കിയത്. ഫ്‌ളാറ്റ് പൊളിക്കുമ്പോൾ അടുത്തുള്ള കെട്ടിടങ്ങൾക്ക് കേടുപാടുകൾ പറ്റാതിരിക്കാൻ ഫ്‌ളാറ്റ് കായലിലേക്കാണ് വീഴ്ത്തിയത്.