ദില്ലി : രാജ്യത്ത് ഉഷ്ണ തരംഗ മുന്നറിയിപ്പ് പുറപ്പെടുവിച്ചതിന്റെ ഭാഗമായി ആരോഗ്യ സംവിധാനങ്ങള്‍ക്ക് തടസമില്ലാത്ത വൈദ്യുതി നല്‍കണമെന്ന് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് സംസ്ഥാനങ്ങളോട് വേണ്ട മുന്‍കരുതല്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയത്. കല്‍ക്കരി ക്ഷാമത്തെതുടര്‍ന്ന് രാജ്യം നേരിടുന്ന ഗുരുതര വൈദ്യൂതി പ്രതിസന്ധി പരിഹരിക്കാതെ സംസ്ഥാനങ്ങളോട് മുടങ്ങാതെ വിതരണം ചെയ്യണമെന്നാണ് കേന്ദ്രം പറയുന്നത്. വരുന്ന മൂന്ന് നാല് ദിവസങ്ങളില്‍ രാജ്യത്ത് ഉഷ്ണ തരംഗം ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും ദേശീയ രോഗ നിയന്ത്രണ കേന്ദ്രവും അറിയിച്ചതായി സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്ക് അയച്ച കത്തില്‍ കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ വ്യക്തമാക്കി.
ജാഗ്രതാ നിര്‍ദേശങ്ങള്‍ ജില്ലാതലത്തില്‍ ദിവസേന നല്‍കണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഉഷ്ണ തരംഗവുമായി ബന്ധപ്പെട്ട ദേശീയ പ്രവര്‍ത്തന പദ്ധതിയില്‍ കേന്ദ്രീകരിച്ചാണ് സംസ്ഥാനങ്ങള്‍ നടപടികള്‍ എടുക്കേണ്ടതെന്നും അത് ജില്ലാ തലത്തില്‍ എത്തിക്കണമെന്നും ആരോഗ്യ സെക്രട്ടറി അയച്ച കത്തില്‍ പറയുന്നു.