ന്യൂഡൽഹി: രാജ്യത്തെ ഊർജപ്രതിസന്ധി ചർച്ച ചെയ്യുന്നതിനായി ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നു. ഊർജ, കൽക്കരി, റെയിൽവേ മന്ത്രിമാർ യോഗത്തിൽ പങ്കെടുക്കുന്നു.ഹരിയാന, ഡൽഹി, ഉത്തർപ്രദേശ്, പഞ്ചാബ്, ജമ്മു കശ്മീർ, രാജസ്ഥാൻ, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പ്രതിസന്ധി രൂക്ഷം. പലയിടങ്ങളിലും 8 മണിക്കൂറോളം വൈദ്യുതി മുടക്കുന്നു. ഈ സ്ഥിതി തുടർന്നാൽ ഡൽഹി മെട്രോയുടെയും ആശുപത്രികളുടെയും പ്രവർത്തനത്തെ ബാധിച്ചേക്കാമെന്നു വൈദ്യുതി മന്ത്രി സത്യേന്ദർ ജയിൻ മുന്നറിയിപ്പു നൽകിയിരുന്നു.
രാജ്യത്തെ 164 താപനിലയങ്ങളിൽ 100 എണ്ണത്തിലും കൽക്കരി ശേഖരം തീർത്തും കുറവാണെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ കണക്കു വ്യക്തമാക്കുന്നു. 56 നിലയങ്ങളിൽ 10% പോലും കൽക്കരി ശേഖരമില്ല. 26 എണ്ണത്തിൽ സ്റ്റോക്ക് 5 ശതമാനത്തിലും താഴെയാണ്. ആഭ്യന്തര കൽക്കരി ഉപയോഗിക്കുന്ന 88 നിലയങ്ങളിലും ഇറക്കുമതിയെ ആശ്രയിക്കുന്ന 12 നിലയങ്ങളിലും പ്രതിസന്ധി രൂക്ഷമാണ്.