തിരുവനന്തപുരം: വാഹന അപകട ഇൻഷുറൻസ് തട്ടാൻ തലസ്ഥാനത്ത് മാത്രം 300 ലധികം വ്യാജ കേസുകളുണ്ടാക്കിയെന്ന് കണ്ടെത്തൽ. ഒരു ഇൻഷുറൻസ് കമ്പനിയുടെ ഒരു ജില്ലയിലെ മാത്രം പരിശോധനാഫലമാണിത്. ഇൻഷുറൻസിൻെറ തട്ടിപ്പിൻെറ പിന്നിലുള്ളത് സംഘടിതരായ സാമ്പത്തിക തട്ടിപ്പുകാരാണെന്ന് സമഗ്രമായ അന്വേഷണം ഉണ്ടാകുമെന്നും ക്രൈം ബ്രാഞ്ച് ഐജി ഹർഷിത അത്തല്ലൂരി പറഞ്ഞു.
ഒരു ഊമ കത്തിൽ നിന്നാണ് ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി വ്യാജ കേസുകളെ കുറിച്ച് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. സംഭവിക്കാത്ത അപകടങ്ങള്‍ ഭാവനയിൽ എഴുതി ചേർത്ത് കേസുണ്ടാക്കും, ഇതിന് സാധുത നൽകാൻ വ്യാജ ചികിത്സ രേഖകളുണ്ടാക്കും, അപകടങ്ങളിൽപ്പെട്ട ജീവിതം പ്രതിസന്ധിയിലായവരെയാണ് ഇൻഷുറൻസ് തുക വാങ്ങി നൽകാമെന്ന് പ്രേരിപ്പിച്ച് ഇടനിലക്കാർ കള്ളക്കേസുണ്ടാക്കാൻ വലയിലാക്കിയത്. പൊലീസും, അഭിഭാഷകരും, ഇടനിലക്കാരും ഡോക്ടർമാരുമെല്ലാം ചേർന്ന് ഇൻഷുറൻസ് തുക തട്ടിയെടുത്തുവെന്ന വ്യക്തമായതോടെ ഇൻഷുറൻസ് കമ്പനി ക്രൈംബ്രാഞ്ചിനെ സമീപിച്ചു.
ഇൻുഷുറൻസ് കമ്പനി കണ്ടെത്തിയ 12 തട്ടിപ്പുകളിൽ കേസെടുത്ത് ക്രൈം ബ്രാഞ്ച് അന്വേഷണം തുടരുകയാണ്. ഇതിനിടെയാണ് ഓരോ കേസുകളും ഇൻഷുറൻസിൻെറ ആഭ്യന്തര പരിശോധനാ വിഭാഗം പരിശോധിച്ചത്. തിരുവനന്തപുരത്ത് മാത്രം 300 ലധികം കേസുകളിൽ തട്ടിപ്പ് വ്യക്തമായിട്ടുണ്ട്. ഇത് ഒരു ഇൻഷുറൻസ് കമ്പനിയുടെ കണ്ടെത്തലാണിത്. മറ്റ് ഇൻഷുറനസ് കമ്പനികലൾ കൂടുതൽ ജില്ലകളിൽ കൂടി അന്വേഷണം നടത്തിയാൽ പുറത്തുവരാൻ പോകുന്നത് കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പാകും.
അപകട കേസുകളിൽ കോടതി വിധിയുണ്ടാാവും. ഇൻഷുറൻസ് കമ്പനിയുടെ റിപ്പോർട്ടു കൂടി ലഭിച്ച ശേഷമായിരിക്കും പണം നൽകുന്നത്. അതിനാൽ തട്ടിപ്പിൽ ഇൻഷുറൻസ് കമ്പനിയിലെ ഉദ്യോഗസ്ഥർക്കും പങ്കുണ്ടാകുമെന്ന സംശയം ക്രൈം ബ്രാഞ്ചിനുണ്ടെന്നും ഹർഷിത അത്തല്ലൂരി പറഞ്ഞു.എല്ലാ ജില്ലകളിലും ഏരോ ഡിവൈഎസ്പിമാരെ നോഡൽ ഓഫീസർമാരായി നിയോഗിച്ചിട്ടുണ്ട്. ക്രമക്കേട് കണ്ടെത്തിയ കേസുകളിൽ തുടർനടപടികള്‍ നിർത്തിവയ്ക്കാൻ ക്രൈംബ്രാഞ്ച് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുണ്ട്. കേസുകളുടെ എണ്ണം കൂടുന്നതോടെ അന്വേഷണ സംഘത്തെയും വിപുലപ്പെടുത്തേണ്ടിവരും.