ബർലിൻ: യുക്രെയ്ൻ-റഷ്യ യുദ്ധത്തിൽ ഒരു രാജ്യത്തിനും വിജയിക്കാൻ സാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജർമനിയിൽ സന്ദർശനത്തിനെത്തിയ വേളയിൽ യുക്രെയ്ൻ-റഷ്യ യുദ്ധത്തെപ്പറ്റിയുള്ള നിലപാട് അറിയിക്കുകയായിരുന്നു മോദി. യുദ്ധം അവസാനിപ്പിക്കണമെന്ന് അഭ്യർത്ഥിച്ച മോദി ലോകസമാധാനത്തിനൊപ്പമാണ് ഇന്ത്യ നിലകൊള്ളുന്നതെന്ന് ആവർത്തിച്ചു.
തിങ്കളാഴ്‌ച രാവിലെ ജർമനിയിൽ വിമാനത്തിലെത്തിയ മോദി ഇംഗ്ലിഷിലും ജർമനിലും തന്റെ പര്യടനത്തെ സംബന്ധിച്ച് ട്വീറ്റ് ചെയ്‌തു. ‘ഇന്ത്യയും ജർമനിയുമായുള്ള സൗഹൃദം വർധിക്കാൻ ഈ സന്ദർശനം സഹായകമാകും’- മോദി ട്വീറ്റ് ചെയ്‌തു. വൈകുന്നേരം നടന്ന ആറാമത് ഇന്ത്യ-ജർമനി ഭരണതല കൂടിക്കാഴ്ചയിൽ മോദിയും ജർമൻ ചാൻസലർ ഒലാഫ് ഷോൾസും പങ്കെടുത്തു. പ്രതിനിധിതല ചർച്ചകൾക്ക് മുൻപായി ഇരുവരും കൂടിക്കാഴ്‌ച നടത്തി. 2021 ഡിസംബറിൽ ജർമൻ ചാൻസലറായി സ്ഥാനമേറ്റ ശേഷം ഇതാദ്യമായാണ് മോദിയും ഷോൾസും കൂടിക്കാഴ്‌ച നടത്തുന്നത്.
ഇരു രാജ്യങ്ങളിലെയും പ്രധാന ബിസിനസ് നേതാക്കൾ പങ്കെടുക്കുന്ന കൂടിക്കാഴ്ച തിങ്കളാഴ്‌ച നടക്കും. ധനകാര്യ മന്ത്രി നിർമല സീതാരാമൻ, വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും ഇന്ത്യൻ പ്രതിനിധിസംഘത്തിനൊപ്പമുണ്ട്. ജർമനിയിലെ ഇന്ത്യൻ നിവാസികളുമായും പ്രധാനമന്ത്രി കൂടിക്കാഴ്‌ച നടത്തും. ഇതിനുശേഷം ചാൻസിലർ ആതിഥേയത്വം വഹിക്കുന്ന സ്വകാര്യ അത്താഴവിരുന്നിലും പ്രധാനമന്ത്രി പങ്കെടുക്കും.വിവിധ വിഷയങ്ങളിൽ ഇന്ത്യയും ജർമനിയും തമ്മിൽ പരസ്പര സഹകരണം ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാണ് ചർച്ചകൾ സംഘടിപ്പിക്കുന്നത്. ജർമനിയും ഡെൻമാർക്കും ഫ്രാൻസും സന്ദർശിക്കുന്ന ത്രിദിന യാത്രാപരിപാടിയാണ് മോദിയുടേത്. 65 മണിക്കൂർ ദൈർഘ്യമുള്ള ത്രിദിന സന്ദർശനത്തിൽ ആകെ 25 കൂടിക്കാഴ്ചകളിലാണ് മോദി പങ്കെടുക്കുന്നത്.