പത്തനംതിട്ട : അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങുന്നവര്‍ക്കല്ല – വില്‍ക്കുന്ന കച്ചവടക്കാരന്റെ രാശിയാണ് തെളിയുന്നത്. കോടികള്‍ പരസ്യത്തിനു മുടക്കി വന്‍ കമ്പിനികള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. വീണ്ടും അക്ഷയ തൃതീയ എന്ന സ്വര്‍ണ്ണ വ്യാപാരികളുടെ വ്യാപാരോല്‍സവം കടന്നുവരുമ്പോള്‍ ഇത് എന്താണെന്ന് ജനങ്ങള്‍ മനസ്സിലാക്കണം. കഴിഞ്ഞ അക്ഷയ തൃതീയ ദിവസം സ്വര്‍ണ്ണം വാങ്ങി ഐശ്വര്യം കൊണ്ടുവന്നവരില്‍ പലരും ഇന്ന് ജീവിച്ചിരിപ്പില്ല. പലരും വന്‍ കടക്കെണിയിലുമാണ്. ഇതൊക്കെ സത്യമാണോ എന്നറിയുവാന്‍ അന്ന് സ്വര്‍ണ്ണം വാങ്ങിക്കൂട്ടിയ സുഹൃത്തുക്കളുടെയും അയല്‍വാസികളുടെയും ജീവിതത്തിലേക്ക് ഒന്ന് എത്തിനോക്കിയാല്‍ മതി. എന്നാല്‍ അന്ന് ഉത്സവ പ്രതീതിയുണ്ടാക്കി സ്വര്‍ണ്ണം വിറ്റ ജൂവലറി ഉടമകളും കമ്പിനികളും ഇന്ന് കൂടുതല്‍ തടിച്ചുകൊഴുത്തു. വാങ്ങുന്നത് ഗുണമേന്മയുള്ള സ്വര്‍ണ്ണമാണോ എന്നുപോലും ആരും നോക്കാറില്ല. വിശ്വാസമല്ലേ ..എല്ലാം. ഗുണമേന്മ പരിശോധിക്കുവാന്‍ മാര്‍ഗ്ഗങ്ങളുണ്ട്. മാര്‍ക്കിങ്ങും ഉണ്ട്. കള്ളനോട്ടും വ്യാജ ലോട്ടറിയും അരങ്ങുവാഴുന്ന ഇവിടെ എന്ത് വിശ്വാസ്യതയാണ് ഇതിനൊക്കെ നല്‍കേണ്ടത്.
വളരെ അത്ഭുതം തോന്നുന്ന രീതിയിലാണ് ഓരോ ദിവസവും കേരളത്തിന്റെ സ്വർണവ്യാപാര മേഖല കൊഴുത്തുകൊണ്ടിരിക്കുന്നത്, പ്രത്യേകിച്ചും സ്വർണ വ്യാപാരത്തിന്റെ ആഘോഷ ദിവസമായ അക്ഷയ തൃതീയയിൽ. തങ്ങളുടെ കച്ചവടം എങ്ങനെ മെച്ചപ്പെടുത്താം എന്ന് ആലോചിച്ചുകൊണ്ടിരുന്ന സ്വർണ വ്യാപാരികളുടെ മുന്നിലേക്ക് ഒരു അനുഗ്രഹം പോലെയാണ് അക്ഷയ തൃതീയ എന്ന ആഘോഷം കടന്നു വരുന്നത്. ഏറിയാൽ ഒരു 5 വർഷം മുൻപ് വരെ ഇങ്ങനെയൊരു ദിവസത്തെക്കുറിച്ചോ അതിന്റെ പ്രത്യേകതകളെക്കുറിച്ചോ മലയാളികൾക്ക് യാതൊരു അറിവും ഇല്ലായിരുന്നു. സാധാരണക്കാരിൽ സാധാരണക്കാരായ മലയാളികളുടെ, ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ പെടാപ്പാട് പെടുന്നവരുടെ മനസിലേക്ക് പുതിയ മോഹ വലയങ്ങൾ തീർത്തുകൊണ്ടാണ് സ്വർണ വ്യാപാരരംഗം അക്ഷയ തൃതീയ എന്ന ദിനം കേരളത്തിലേക്ക് കൊണ്ട് വന്നത്.
ഇല്ലാത്ത വാഗ്ദാനങ്ങള്‍ നല്‍കി ഒരാളെ പറ്റിക്കുന്നത് നിയമ വിരുദ്ധമാണെങ്കില്‍ അക്ഷയ തൃതീയയുമായി ബന്ധപ്പെട്ട സ്വര്‍ണക്കച്ചവടവും ശിക്ഷാര്‍ഹമാണ്. കേരള സര്‍ക്കാര്‍ പാസ്സാക്കാമെന്ന് വാഗ്ദാനം നല്‍കിയിരിക്കുന്ന അന്ധവിശ്വാസ നിരോധന നിയമത്തിന്റെ പരിധിയില്‍ ഈ തട്ടിപ്പിന്റെ പരസ്യങ്ങളും ഉള്‍പ്പെടുത്തേണ്ടതുണ്ട്. വിശ്വാസപരമായോ അല്ലാതെയോ നിലവിലില്ലാത്ത ഒരു കഥ പടച്ചുണ്ടാക്കി ഉപഭോക്താവിനെ ചൂഷണം ചെയ്യുന്നു. അക്ഷയ തൃതീയ ദിനത്തില്‍ സ്വര്‍ണം വാങ്ങിയാല്‍ അത് പൊലിയ്ക്കുമെന്നും ഐശ്വര്യം കൈവരുമെന്നും അവകാശപ്പെട്ടാണ് സ്വര്‍ണക്കച്ചവടക്കാര്‍ ഈ ദിവസത്തെ ഒരു സ്വര്‍ണം വാങ്ങല്‍ ദിനമാക്കി മാറ്റിയത്. അവധി ദിവസത്തിനു മുമ്പ് ബിവറേജസ് കോര്‍പ്പറേഷന്റെ മദ്യഷോപ്പിനു മുന്നില്‍ കാണുന്ന അതേ ക്യൂ ആഭരണ ശാലകള്‍ക്ക് മുന്നിലും കാണുന്ന അപൂര്‍വ്വ സുന്ദര ദിവസമെന്നു തന്നെ ഇതിനെ പറയാം.
അന്നേ ദിവസം സ്വര്‍ണ്ണം വാങ്ങാന്‍ പുലര്‍ച്ചെ തുടങ്ങുന്ന കാത്തിരിപ്പ് പാതിരാവരെ നീളും. ഒരു തരി പൊന്നെങ്കിലും സ്വന്തമാക്കിയവര്‍ സന്തോഷത്തോടെ വീട്ടിലേക്ക് മടങ്ങും. ഒരു വര്‍ഷത്തെ മുഴുവന്‍ ഐശ്വര്യം പേഴ്സിലാക്കിയ സന്തോഷവുമായി. എന്നാല്‍ ഇപ്രകാരമുള്ള ഒരു വിശ്വാസമോ ആചാരമോ നിലവിലില്ലായിരുന്നു എന്നതാണ് വാസ്തവം. എന്നിട്ടും ഇന്ന് നാട്ടിലുള്ള സാധാരണക്കാരോട് അക്ഷയ തൃതീയ എന്താണെന്നു ചോദിച്ചാല്‍ സ്വര്‍ണം വാങ്ങാനുള്ള ദിവസം എന്നായിരിക്കും ഉത്തരം തരിക. അത്രമാത്രം പ്രചരണം ഈ ദിവസത്തിനുണ്ടാക്കാന്‍ കച്ചവടക്കാര്‍ക്ക് സാധിച്ചു. മകരസംക്രമം, കുംഭ ഭരണി, വൃശ്ചിക മാസത്തിലെ കാര്‍ത്തിക (തൃക്കാര്‍ത്തിക) എന്നിങ്ങനെ ചില പ്രത്യേക ദിവസങ്ങള്‍ ഉത്സവമായി കേരളീയര്‍ ആഘോഷിക്കുന്ന പോലെ ഉത്തരേന്ത്യയിലെ ഹിന്ദുക്കളും ജൈന മതവിശ്വാസികളും ആഘോഷിച്ചുവരുന്ന ഒരു വിശേഷ ദിവസമാണ് അക്ഷയതൃതീയ.
ഒരു 10 കൊല്ലം മുമ്പ് ഇപ്പറഞ്ഞ ദിവസത്തെപ്പറ്റി മലയാളികള്‍ക്ക് അറിവുണ്ടായിരുന്നില്ല. ശകവര്‍ഷത്തിലെ രണ്ടാം മാസമായ വൈശാഖത്തിലെ കറുത്തവാവിനുശേഷം വരുന്ന മൂന്നാം ദിവസമാണ് അക്ഷയ തൃതീയ. ഒരു വാവ് കഴിഞ്ഞാല്‍ തൊട്ടടുത്ത ദിവസം പ്രഥമ, രണ്ടാം ദിവസം ദ്വിതീയ, മൂന്നാം ദിവസം തൃതീയ, നാലാം ദിവസം ചതുര്‍ത്ഥി എന്നിങ്ങനെ പതിനാലാം ദിവസമായ ചതുര്‍ദശി വരെ ദിവസങ്ങള്‍ എണ്ണുന്നതിനെയാണ് തിഥികള്‍ എന്നുപറയുന്നത്. ആധുനിക കാലത്തെ കലണ്ടറിലും ഈ തിഥികള്‍ ഇടംപിടിച്ചിട്ടുണ്ട്.
അക്ഷയതൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ക്കുള്ള ദിവസമാണ്. അല്ലാതെ സ്വര്‍ണമോ മറ്റേതെങ്കിലും തരത്തിലോ ഉള്ള സ്വത്ത് സമ്പാദിക്കുന്നതിനുള്ള ദിവസമല്ല. വിശ്വാസ പ്രകാരം അന്ന് നടത്തുന്ന ദാനംമൂലം ഉളവാകുന്ന പുണ്യമാണ് അക്ഷയമായുള്ളത്, അല്ലാതെ അന്ന് വാങ്ങുന്ന സ്വര്‍ണമോ രത്നമോ ഒന്നുമല്ല. എന്നിട്ടും നമ്മുടെ നാട്ടില്‍ ഇങ്ങനെ ഒരു വിശ്വാസം കടന്നു വന്നതെങ്ങനെയാണ് ? അക്ഷയ തൃതീയ ദിവസം ദാനധര്‍മ്മങ്ങള്‍ ചെയ്യുന്നതുവഴി പുണ്യമുണ്ടാകും എന്നാണ് ഉത്തരേന്ത്യയിലെ വിശ്വാസം. അതായത് ആ ദിവസം വാങ്ങുകയല്ല, കൊടുക്കുകയാണ് വേണ്ടത്. ആ ദിവസം നടന്നിരുന്ന ശൈശവ വിവാഹങ്ങള്‍ നിരോധിച്ചതോടെ നഷ്ടത്തിലായ സ്വര്‍ണ്ണ വ്യാപാരികളുടെ പ്രചാരണം മാത്രമാണ് സ്വര്‍ണ്ണം വാങ്ങാന്‍ വിശേഷപ്പെട്ട ദിവസമായി അക്ഷയത്രിതീയയെ മാറ്റിയത്.
സ്വര്‍ണഭ്രമത്തില്‍ അഭിരമിക്കുന്ന മലയാളി പക്ഷേ ഇതൊന്നും ആലോചിക്കാറില്ല. വിവാഹത്തിനും മറ്റും ലക്ഷങ്ങള്‍ മുടക്കി സ്വര്‍ണം വാങ്ങുന്ന മലയാളിയെ ഇപ്രകരം ഊറ്റിപ്പിഴിഞ്ഞെടുക്കുന്ന കാശുകൊണ്ടാണ് വ്യാപാരികള്‍ നാള്‍ക്കുനാള്‍ മുപ്പതും നാല്പതുമൊക്കെ ഷോറൂമുകള്‍ പണിതുകൊണ്ടിരിക്കുന്നത്. അവിടെ തൊഴിലെടുക്കുന്ന സ്ത്രീകള്‍ക്കോ, തുച്ഛശമ്പളത്തിനുപുറമെ മൂത്രമൊഴിക്കാന്‍ പോലും സമരം ചെയ്യേണ്ടി വരുന്ന അവസ്ഥയും. ശരിയായ ശാസ്ത്രബോധം ഉണ്ടാവുക മാത്രമാണ് ഏക പരിഹാരം. അങ്ങിനെ വന്നാല്‍ മാത്രമേ കഴിഞ്ഞവര്‍ഷം അക്ഷയ തൃതീയക്ക് സ്വര്‍ണം വാങ്ങിയ എത്രപേര്‍ക്ക് ഐശ്വര്യം വന്നൂ എന്ന് ചിന്തിക്കുകയുള്ളു. അങ്ങനെ പരിശോധിക്കുമ്പോള്‍ മാത്രമാണ് ഐശ്വര്യം വന്നത് സ്വര്‍ണക്കടക്കാര്‍ക്ക് മാത്രമാണെന്ന ബോധ്യം വരുന്നത്. അപ്പോഴാണ് ആ തട്ടിപ്പുകളുടെ പിന്നില്‍ സ്വര്‍ണക്കടക്കാരും, അവരുടെ പരസ്യം വരുമാനനമാര്‍ഗമാക്കിയ മാധ്യമങ്ങളുമാണെന്ന് തിരിച്ചറിയുക.