കാസര്‍ഗോഡ് : കാസര്‍ഗോഡ് ചെറുവത്തൂരില്‍ ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് കളക്ടര്‍ക്ക് കൈമാറി. ആവശ്യത്തിന് ഉദ്യോഗസ്ഥരില്ലാത്തത് തുടര്‍ച്ചയായ പരിശോധയെ ബാധിക്കുന്നുവെന്ന് ഭക്ഷ്യ സുരക്ഷാ അസി.കമ്മിഷണര്‍ പറഞ്ഞു. ഭക്ഷ്യവിഷബാധ തന്നെയാണ് മരണത്തിലേക്ക് നയിച്ചതെന്നായിരുന്നു ഭക്ഷ്യ സുരക്ഷാ വിഭാഗം ആദ്യഘട്ടത്തില്‍ പങ്കുവെച്ച നിഗമനം. ഭക്ഷ്യവിഷബാധയിലേക്ക് വിരല്‍ചൂണ്ടുന്നത് തന്നെയാണ് നിലവില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടും. ഇതില്‍ വിശദമായ റിപ്പോര്‍ട്ട് കൈമാറണമെങ്കില്‍ മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടും കോഴിക്കോട് പരിശോധയ്ക്ക് അയച്ചിരിക്കുന്ന സാമ്പിളുകളുടെ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്.
അതേസമയം സംഭവത്തില്‍ കസ്റ്റഡിയിലുള്ള ഐഡിയല്‍ കൂള്‍ബാര്‍ മാനേജറുടെ അറസ്റ്റ് രേഖപ്പെടുത്തി. പടന്ന സ്വദേശി ടി.അഹമ്മദാണ് അറസ്റ്റിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മുംബൈയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അഹമ്മദ് പൊലീസ് പിടിയിലായത്. അറസ്റ്റിലായ മറ്റ് രണ്ടുപേരെ റിമാന്‍ഡ് ചെയ്തു. കൂള്‍ ബാറിലെ മാനേജിങ് പാര്‍ട്ണറായ പടന്ന സ്വദേശിക്കായും പൊലീസ് തെരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ചന്തേര സി ഐ പി.നാരായണന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.
അതേസമയം മരിച്ച ദേവനന്ദയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ഇന്ന് പുറത്തുവന്നേക്കും. ശാസ്ത്രീയ പരിശോധനയുടെയും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങളും പരിശോധിച്ചതിന് ശേഷമായിരിക്കും ഭക്ഷ്യസുരക്ഷ, റവന്യൂ വിഭാഗങ്ങള്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രിയില്‍ ചികിത്സയിലുള്ളവരുടെ നില തൃപ്തികരമാണമെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
ഞായറാഴ്ചയാണ് കാസര്‍ഗോഡ് ചെറുവത്തൂരിലെ നാരായണന്‍- പ്രസന്ന ദമ്പതികളുടെ മകള്‍ 16 വയസുകാരി ദേവനന്ദ മരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച ചെറുവത്തൂര്‍ ഐഡിയല്‍ ഫുഡ് പോയിന്റില്‍ നിന്ന് ഷവര്‍മ കഴിച്ചവര്‍ക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന ദേവനന്ദ ചികിത്സയിലിരിക്കെയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ പതിനഞ്ചോളം പേര്‍ ചികിത്സയില്‍ തുടരുകയാണ്.












